General (Page 1,316)

തിരുവനന്തപുരം: പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ കണക്കിൽ എടുത്താണ് പുതിയ തീരുമാനമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയായി ഉയർത്തിയിരുന്നു. ഈ നിരക്കാണ് ഇപ്പോൾ 10 രൂപയായി കുറച്ചിരിക്കുന്നത്.

വ്യാഴാഴ്ച്ച മുതൽ നിരക്ക് പ്രാബല്യത്തിൽ വന്നു. ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയിൽ നിന്ന് 10 രൂപയാക്കി മാറ്റുമെന്നാണ് റെയിൽ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കോവിഡ് മഹാമാരിയുടെ സാഹചര്യങ്ങൾക്കിടെ 2021 ഒക്ടോബർ 07 മുതലാണ് തിരക്ക് കുറയ്ക്കാൻ ഉയർന്ന നിരക്കിൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ വിതരണം ചെയ്യാൻ ആരംഭിച്ചത്. അതേസമയം നിരക്ക് കുറച്ചതിന് ശേഷവും യാത്രക്കാർ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകൾ ശുചീകരിച്ചും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും റെയിൽവേ അഭ്യർത്ഥിച്ചു.

covid

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് മരണക്കണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം കേരളം. അയൽ സംസ്ഥാനമായ കർണാടകയെ പിന്തള്ളിയാണ് രണ്ടാമതെത്തിയത്. മഹാരാഷ്ട്ര മാത്രമാണ് കോവിഡ് മരണ കണക്കുകളിൽ കേരളത്തിന് മുന്നിലുള്ളത്

1.41 ലക്ഷം കൊവിഡ് മരണങ്ങളാണ് മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത് 38,737 പേർക്കാണ്. അയൽ സംസ്ഥാനങ്ങളായ കർണാടകയിൽ 38,185 പേരും തമിഴ്നാട്ടിൽ 36,415 പേരുമാണ് മരണപ്പെട്ടത്.

കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് മരണങ്ങൾ സംഭവിച്ചിട്ടില്ലെന്ന് കാണിക്കാൻ കേരള സർക്കാർ കള്ളക്കണക്ക് പുറത്തുവിടുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നത്. ഒരു മാസത്തിനുള്ളിൽ പഴയ 8,684 കൊവിഡ് മരണങ്ങളാണ് കേരളം കണക്കിൽ ഉൾപ്പെടുത്തിയതെന്നും ആരോഗ്യമന്ത്രാലയം കണ്ടെത്തിയിരുന്നു. മരണങ്ങളും കോവിഡ് കേസുകളും മറച്ചുപിടിച്ചതാണ് കഴിഞ്ഞ മൂന്നുനാലു മാസങ്ങളായി സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുരുതരമായി മാറാൻ കാരണമെന്നും അധികൃതർ കുറ്റപ്പെടുത്തുന്നു.

കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെയാണ് ഒളിപ്പിച്ചുവെച്ച കോവിഡ് മരണങ്ങളുടെ കണക്കുകൾ കേരളം പുറത്തുവിടാൻ ആരംഭിച്ചത്. രാജ്യമെങ്ങും കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ഏപ്രിലിൽ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളിൽ വെറും 1.4 ശതമാനം മാത്രമായിരുന്നു കേരളത്തിലെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിരുന്നത്. മെയിൽ 2.8 ശതമാനവും ജൂണിൽ 6.4 ശതമാനവും മരണങ്ങളാണ് സംസ്ഥാനം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഓഗസ്റ്റിൽ ഇത് ഒറ്റയടിക്ക് 26.9 ശതമാനമായി വർധിച്ചു.

അതേസമയം സെപ്തംബറിൽ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളിൽ 45.2 ശതമാനവും ഒക്ടോബറിൽ 64.7 ശതമാനവുമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. നവംബറിൽ 77.4 ശതമാനം കൊവിഡ് മരണങ്ങൾ കേരളത്തിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മറച്ചുവെച്ച കോവിഡ് മരണങ്ങളാണ് സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി കേരളം പുറത്തുവിട്ടത്.

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകളുടെ പേരിലുള്ള കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണത്തിന്റെ തണലിൽ ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന ഓഫീസ് ആക്രമിച്ച് അന്നത്തെ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ വധിക്കാൻ ശ്രമിച്ച സംഭവം കേരളത്തെ ഞെട്ടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് പിൻവലിക്കാനുള്ള നീക്കത്തെ ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദ്ദേഹംമുന്നറിയിപ്പ് നൽകി.

ഡിവൈഎഫ്‌ഐ ഗുണ്ടാ നേതാവിനെ രക്ഷിക്കാനാണ് സർക്കാർ കേസ് പിൻവലിക്കുന്നത്. അക്രമ രാഷ്ട്രീയത്തിന് സർക്കാർ തന്നെ ചൂട്ടുപിടിക്കുകയാണ്. സിപിഎമ്മിന് ഈ നാട്ടിൽ എന്തുമാകാമെന്ന ധാരണ ബിജെപി അനുവദിച്ചു തരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം (ടിഎഫ്ആർ- ടോട്ടൽ ഫെർട്ടാലിറ്റി റേറ്റ്) രണ്ടായി കുറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട 2019-2021 വർഷത്തെ ദേശീയ കുടുംബാരോഗ്യ സർവേയിലാണ് പ്രത്യുൽപാദന നിരക്ക് വീണ്ടും കുറയുന്നുവെന്ന് വ്യക്തമാക്കിയത്.

നേരത്തെ 2.2 ശതമാനമായിരുന്നു രാജ്യത്തെ പ്രത്യുൽപ്പാദന നിരക്ക്. ദേശീയ കുടുംബ ആരോഗ്യ സർവ്വേയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ സർവ്വേയുടെ കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടത്. ഏറ്റവും കുറവ് പ്രത്യുൽപ്പാദന നിരക്ക് ഛണ്ഡിഗഢിലാണുള്ളത്. 1.4 ശതമാനമാണ് ഇവിടുത്തെ പ്രത്യുത്പാദന നിരക്ക്. മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവ ഒഴികെയുള്ള സംസ്ഥാനളിലെല്ലാം പ്രത്യുൽപ്പാദന നിരക്ക് 2.1 ശതമാനത്തിൽ കൂടുതലാണ്. ബിഹാറിലാണ് പ്രത്യുത്പാദന നിരക്ക് ഏറ്റവും കൂടുതലുള്ളത്. മൂന്ന് ശതമാനമാണ് ഇവിടുത്തെ പ്രത്യുത്പാദന നിരക്ക്.

സ്ത്രീകളുടെ എണ്ണം പുരുഷൻമാരുടെ എണ്ണത്തെ മറികടക്കുകയും ചെയ്തു. 1000 പുരുഷൻമാർക്ക് 1020 സ്ത്രീകൾ എന്നതാണ് പുതിയ സ്ത്രീ-പുരുഷ അനുപാതം. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആളുകൾ കുടുംബാസൂത്രണ മാർഗം സ്വീകരിക്കുന്നത് വർധിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സർവ്വേ നടത്തിയ സംസ്ഥാനങ്ങളിലെ 67 ശതമാനം ആളുകൾ ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നു. നേരത്തെ ഇത് 54 ശതമാനമായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം 12-23 മാസം പ്രായമുള്ള കുട്ടികൾക്കുള്ള പ്രതിരോധന കുത്തിവെപ്പ് നിരക്ക് 76 ശതമാനമായി വർധിച്ചു. സർവ്വേ നടത്തിയ 14 സംസ്ഥാനങ്ങളിൽ 11 ഇടങ്ങളിലും 12-23 മാസം പ്രായമുള്ള നാലിൽ മൂന്ന് കുട്ടികളും പൂർണ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു കഴിഞ്ഞു.

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് അഫ്ഗാനിസ്താനിലേക്കെത്തിക്കാൻ റോഡ് തുറന്നു നൽകുമെന്ന് പാകിസ്താൻ. ഇന്ത്യയുടെ ചരക്കുകൾക്ക് പാകിസ്താൻ പാത ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ നിന്നും പാകിസ്താൻ പിന്മാറി. ഇന്ത്യയുടെ നയതന്ത്ര വിജയമാണിതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. താലിബാൻ സർക്കാർ പാകിസ്താന് മേൽ നടത്തിയ സമ്മർദ്ദം മൂലമാണ് പാകിസ്താൻ ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്നാണ് വിവരം.

50,000 മെട്രിക് ടൺ ഗോതമ്പാണ് ഇന്ത്യ അഫ്ഗാനിസ്താന് നൽകുന്നത്. ഗോതമ്പ് പാകിസ്താൻ വഴി അഫ്ഗാനിലെത്തിക്കാൻ അനുവദിക്കണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചിരുന്നു. അഫ്ഗാൻ സർക്കാർ കൂടി സമ്മർദ്ദം ചെലുത്തിയതോടെയാണ് പാകിസ്താന് ഇക്കാര്യം സമ്മതിക്കേണ്ടി വന്നത്. വാഗ അതിർത്തി റോഡ് വഴിയാണ് ചരക്ക് ലോറികൾ ഗോതമ്പ് അഫ്ഗാനിസ്താനിലെത്തിക്കുന്നത്.

രണ്ട് ദിവസങ്ങൾക്ക് മുൻപ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്നെ ഇന്ത്യയ്ക്ക് പാകിസ്ഥാൻ വഴി ഗോതമ്പ് അഫ്ഗാനിലെത്തിക്കാനുള്ള അനുമതി നൽകിയിരുന്നു. ചൊവ്വാഴ്ച പാകിസ്താൻ വിദേശകാര്യമന്ത്രാലയവും ഇന്ത്യയ്ക്ക് ഔദ്യോഗികമായി അനുമതി നൽകി. ‘അഫ്ഗാൻ ജനതയോടുള്ള സൗമനസ്യം എന്ന നിലയിലാണ് പാകിസ്ഥാൻ സർക്കാർ 50,000 മെട്രിക് ടൺ ഗോതമ്പ് വാഗ അതിർത്തിവഴി കടത്തിവിടാൻ അനുമതി നൽകിയതെന്നാണ് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ന്യൂഡൽഹി: വിവിധ വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് 17.5 ലക്ഷം പേർ. ഒക്ടോബർ 29 വരെയുള്ള കണക്കുകൾ അനുസരിച്ച് 17,53,897 പേരാണ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നാട്ടിലെത്തിയത്. ഇതിൽ 1,26,883 പേർ തൊഴിൽ നഷ്ടപ്പെട്ടവരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധികൾക്ക് അയവ് വന്നതോടെ ഗൾഫ് മേഖലയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിയന്ത്രണങ്ങളിലും വിസ പുതുക്കലിലും ഇളവുകൾ വന്നതോടെയാണ് ഗൾഫിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വർധിച്ചത്. സൗദി അറേബ്യയിലേക്കാണ് പ്രവാസികൾ കൂടുതൽ മടങ്ങി പോകുന്നത്. പ്രവാസികളുടെ തിരിച്ചറിയൽ രേഖയായ ഇഖാമ മൂന്ന് മാസത്തേക്ക് ഉൾപ്പെടെ പുതുക്കാൻ തുടങ്ങിയതോടെയാണ് മടങ്ങിപ്പോക്ക് വർധിച്ചത്.

നാട്ടിൽ നിന്നുകൊണ്ട് വിസ പുതുക്കാനായത് പ്രവാസികൾക്ക് ഏറെ സഹായമായി. രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനമില്ല. വാക്സിൻ എടുക്കാത്തവർ ദുബായിലെത്തി 15 ദിവസം ക്വാറന്റെയ്‌നിൽ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് മടങ്ങുന്നത്. നേരിട്ടുള്ള വിമാനസർവീസുകൾ പല രാജ്യങ്ങളിലേക്കും പുനഃരാരംഭിച്ചതും പ്രവാസികൾക്ക് ആശ്വാസകരമായി. ഖത്തർ, ദുബായ്, ഒമാൻ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കും പ്രവാസികൾ തിരികെ പോകാൻ ആരംഭിച്ചു.

നെടുമ്പാശേരിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ആഴ്ചയിൽ 162 സർവീസുകളാണ് നടത്തുന്നത്.

തിരുവനന്തപുരം: നിലവിൽ നിശ്ചയിച്ചിരിക്കുന്നതിനെക്കാൾ കൂടിയ സ്‌കെയിലിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വർദ്ധന നടപ്പാക്കാനൊരുങ്ങി സർക്കാർ. പരിഗണനയിലുള്ള ശമ്പള സ്‌കെയിൽ ഉൾപ്പെടുന്ന റിപ്പോർട്ട് നാളെ കെ.എസ്.ആർ.ടി.സി ധനവകുപ്പിന് കൈമാറുമെന്നും ഇക്കാര്യത്തിൽ ചർച്ച നടത്തി അന്തിമ തീരുമാനം സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ശമ്പള പരിഷ്‌കരണം സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ധന-ഗതാഗത വകുപ്പ് സെക്രട്ടറിമാർ നടത്തിയ ചർച്ചയിലാണ് ആവശ്യപ്പെട്ടത്. കോവിഡിന് വൈറസ് വ്യാപനത്തിന് ശേഷം സർക്കാർ സഹായം കൊണ്ടു മാത്രമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം നൽകുന്നത്. അതു തുടരേണ്ടി വരുമെന്നതിനാലാണ് ധനവകുപ്പ് കൃത്യമായ റിപ്പോർട്ട് തേടിയത്. നേരത്തെ 20,000 രൂപയിൽ ആരംഭിക്കുന്ന ശമ്പള സ്‌കെയിലാണ് തയ്യാറാക്കിയത്. എന്നാൽ ഈ സ്‌കെയിൽ ജീവനക്കാരുടെ സംഘടനകൾ തള്ളി. 23,700 ൽ തുടങ്ങുന്ന സ്‌കെയിൽ വേണമെന്ന ആവശ്യമാണ് ജീവനക്കാർ മുന്നോട്ടു വെച്ചത്.

ഇത് വൻ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്ന് കണ്ട് ഗതാഗത വകുപ്പും നിഷേധിച്ചിരുന്നു. രണ്ട് സ്‌കെയിലുകൾക്കുമൊപ്പം ഇതിനിടയിൽ വരുന്ന രണ്ട് സ്‌കെയിലുകൾ കൂടി കെ.എസ്.ആർ.ടി.സി തയ്യാറാക്കി നൽകും. ഇങ്ങനെ തയ്യാറാക്കുന്ന റിപ്പോർട്ടിൽ ഒരോ സ്‌കെയിലും നടപ്പിലാക്കുമ്പോൾ എത്ര ബാദ്ധ്യതയുണ്ടാകുമെന്ന കണക്ക് ഉൾക്കൊള്ളിക്കണമെന്നും ഏത് സാഹചര്യത്തിലും അതിനപ്പുറത്തേക്ക് ബാദ്ധ്യത പോകില്ലെന്ന ഉറപ്പ് കൂടി കെ.എസ്.ആർ.ടി.സി നൽകണമെന്നും ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഓരോ തസ്തികയിലും ശമ്പള സ്‌കെയിലിലും എത്ര ജീവനക്കാരാണുള്ളത്, ഓരോ തസ്‌കികയ്ക്കും എത്ര രൂപ ശമ്പളമായും ആനുകൂല്യമായും നൽകുന്നുണ്ട്, വർദ്ധിപ്പിക്കുമ്പോൾ അത് എത്രയാകും എന്ന കണക്കും സമർപ്പിക്കണമെന്നും ധനവകുപ്പ് നിർദ്ദേശിച്ചു.

അതേസമയം ആദ്യം തയ്യാറാക്കിയ ശമ്പള വർദ്ധന പാക്കേജിൽ പ്രതിമാസം 9 കോടി രൂപയുടെ അധിക ബാദ്ധ്യത വരും. ജീവനക്കാരുടെ സംഘടന ആവശ്യപ്പെടുന്ന സർക്കാർ ജീവനക്കാരുടേതിനു തുല്യമായ വർദ്ധന നടപ്പിലാക്കിയാൽ ബാദ്ധ്യത 30 കോടി വരെയാകും. ഇപ്പോൾ 84 കോടി രൂപയാണ് ശമ്പളത്തിനു മാത്രമായി ആവശ്യം വരുന്നത്.

ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി 6 ജി സാങ്കേതികവിദ്യ വികസിപ്പിച്ചുവരികയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. 2023 അവസാനമോ, 2024 ആദ്യമോ രാജ്യത്ത് 6 ജി സാങ്കേതിക വിദ്യ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് 6ജി ടെക്നോളജിക്കായി സോഫ്റ്റ്‌വെയറും ഹാർഡ്വെയറും നിർമിക്കുന്നുണ്ടെന്നും ഇത് ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങൾക്കും നൽകാനായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സ്വന്തം 5ജി യുടെയും ജോലികളും നടക്കുന്നുണ്ട്. ഇതിന്റെ കേന്ദ്ര സോഫ്റ്റ്‌വെയറുകളിലൊന്ന് 2022 മൂന്നാം പാദത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ 5 ജി സ്പെക്ട്രം ലേലം 2022 രണ്ടാം പാദത്തിൽ നടന്നേക്കും. ട്രായിക്ക് 5ജി ലേലത്തിനുള്ള റഫറൻസ് നൽകി കഴിഞ്ഞു. അതിനുള്ള കൂടിയാലോചനകൾ സംഘടിപ്പിക്കുകയാണ് ട്രായി ഇപ്പോൾ. ഈ പ്രക്രിയ അടുത്ത വർഷം ഫെബ്രുവരി-മാർച്ച് കാലഘട്ടത്തിൽ തീരും. ടെലികോം മേഖലയ്ക്ക് 100 ശതമാനം എഫ്ഡിഐ അനുവദിക്കും. നേരത്തെ ഇത് 49 ശതമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത് കുറഞ്ഞത് 600 ലോൺ ആപ്പുകൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വർക്കിങ് ഗ്രൂപ്പ് റിപ്പോർട്ടിൽ വിശദമാക്കുന്നു. ഇത്തരം ആപ്പുകൾ വ്യക്തികളെക്കുറിച്ചു ശേഖരിക്കുന്ന വിവരത്തെക്കുറിച്ചും ആർബിഐ ആശങ്ക രേഖപ്പെടുത്തി. ലോൺ അടച്ചു തീർത്താൽ പോലും തങ്ങളുടെ ഡേറ്റ നീക്കംചെയ്യാൻ ഉപയോക്താക്കൾക്കു സാധിക്കുന്നില്ലെന്നും ആർബിഐ വിശദീകരിച്ചു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരാതി. ഹലാൽ ഭക്ഷണത്തിന്റെ പേരിൽ മുസ്ലീങ്ങൾക്കെതിരെ വ്യാജപ്രചാരണവും വിവിധ മത സമൂഹങ്ങൾക്കിടയിൽ സ്പർധ വളർത്തുക എന്ന ലക്ഷ്യത്തോടെ വിവാദ പരാമർശവും നടത്തി എന്നാരോപിച്ചാണ് കെ സുരേന്ദ്രനെതിരെ വെൽഫെയർ പാർട്ടി പരാതി നൽകിയത്.

കെ. സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജി. അനിൽകുമാറാണ് കണ്ടോൺമെന്റ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയത്. കേരളത്തിലെ മുസ്ലീങ്ങൾ നടത്തുന്ന വിവിധ ഹോട്ടലുകളിൽ പാകം ചെയ്യുന്നത് ഉസ്താക്കന്മാർ തുപ്പിയ ഭക്ഷണമാണെന്ന വ്യാജ ആരോപണമാണ് കെ. സുരേന്ദ്രൻ ഉന്നയിച്ചിരിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഹലാൽ ബോർഡുള്ള ഹോട്ടലുകൾ മതതീവ്രവാദികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നവയാണെന്നാണ് സുരേന്ദ്രന്റെ ആരോപണം. ശബരിമലയിൽ പോലും ഹലാൽ ശർക്കരയാണ് വിതരണം ചെയ്യുന്നതെന്ന് യാതൊരു തെളിവുമില്ലാതെയാണ് അദ്ദേഹം പറയുന്നതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുസ്ലിം സമൂഹത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് ഹിന്ദു – മുസ്ലിം – ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ ഭിന്നതയും ശത്രുതയും വളർത്തുകയും അതുവഴി വർഗീയ ധ്രുവീകരണവുമാണ് ബിജെപി ലക്ഷ്യമിടുന്നത്. വിവാദ പരാമർശത്തിൽ കേരളത്തിലെ മതസമൂഹങ്ങൾ തമ്മിലുള്ള സൗഹാർദാന്തരീക്ഷം തകർക്കുന്നതിനു വേണ്ടി സംഘ്പരിവാർ ബോധപൂർവം സൃഷ്ടിച്ച കെട്ടുകഥയാണ് ഹലാൽ വിവാദമെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

ചെന്നൈ: സൂര്യ കേന്ദ്ര കഥാപാത്രമായി ചിത്രമാണ് ജയ്ഭീം. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ ചിത്രീകരിച്ച സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരോടുള്ള പോലീസിന്റെ ക്രൂരതകൾ തുറന്ന് കാട്ടുന്ന സിനിമയോടും സൂര്യയോടുമുള്ള ആദരവും നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ജനത. കാട്ടുനായകൻ, ഷോളഗ, അടിയൻ, കാണിക്കാർ തുടങ്ങിയ ഗോത്രവിഭാഗത്തിലെ അൻപതോളം പേരാണ് താരത്തിന് നന്ദി അറിയിക്കാനായി ഒത്തു ചേർന്നത്. തിങ്കളാഴ്ച മധുരൈ കളക്ട്രേറ്റിന് മുന്നിലാണ് താരത്തിന് ആദരം പ്രകടിപ്പിക്കാനായി ഇവർ ഒത്തുകൂടിയത്.

എലികളെയും പാമ്പിനെയും കൈകളിൽ പിടിച്ച് പ്രതീകാത്മകമായി താരത്തോട് നന്ദി പറയുകയായിരുന്നു ഇവർ. ആദിവാസി സമൂഹങ്ങളുടെ പരിതാപകരമായ ജീവിത സാഹചര്യങ്ങൾ സിനിമയിലൂടെ ലോകത്തിന് മുന്നിൽ തുറന്നു കാണിച്ച താരത്തിനോട് തങ്ങൾക്ക് വളരെയധികം നന്ദിയുണ്ടെന്ന് തമിഴ്നാട് ട്രൈബൽ നോമാഡ്സ് ഫെഡറേഷന്റെ പ്രസിഡന്റ് എം ആർ മുരുകൻ വ്യക്തമാക്കി.

ചിത്രത്തിൽ പ്രധാനവേഷത്തിൽ മലയാള നടിമാരായ ലിജിമോൾ ജോസും രജിഷ വിജയനും എത്തുന്നുണ്ട്. 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യ തന്നെയാണ് തിരം നിർമ്മിച്ചിരിക്കുന്നത്.

പ്രകാശ് രാജ്, രമേഷ്, മണികണ്ഠൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. എസ് ആർ കതിർ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.