ജയ് ഭീം; സൂര്യയ്ക്ക് ആദരവ് അറിയിച്ച് ഒരു വിഭാഗം ജനത

ചെന്നൈ: സൂര്യ കേന്ദ്ര കഥാപാത്രമായി ചിത്രമാണ് ജയ്ഭീം. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ ചിത്രീകരിച്ച സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരോടുള്ള പോലീസിന്റെ ക്രൂരതകൾ തുറന്ന് കാട്ടുന്ന സിനിമയോടും സൂര്യയോടുമുള്ള ആദരവും നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ജനത. കാട്ടുനായകൻ, ഷോളഗ, അടിയൻ, കാണിക്കാർ തുടങ്ങിയ ഗോത്രവിഭാഗത്തിലെ അൻപതോളം പേരാണ് താരത്തിന് നന്ദി അറിയിക്കാനായി ഒത്തു ചേർന്നത്. തിങ്കളാഴ്ച മധുരൈ കളക്ട്രേറ്റിന് മുന്നിലാണ് താരത്തിന് ആദരം പ്രകടിപ്പിക്കാനായി ഇവർ ഒത്തുകൂടിയത്.

എലികളെയും പാമ്പിനെയും കൈകളിൽ പിടിച്ച് പ്രതീകാത്മകമായി താരത്തോട് നന്ദി പറയുകയായിരുന്നു ഇവർ. ആദിവാസി സമൂഹങ്ങളുടെ പരിതാപകരമായ ജീവിത സാഹചര്യങ്ങൾ സിനിമയിലൂടെ ലോകത്തിന് മുന്നിൽ തുറന്നു കാണിച്ച താരത്തിനോട് തങ്ങൾക്ക് വളരെയധികം നന്ദിയുണ്ടെന്ന് തമിഴ്നാട് ട്രൈബൽ നോമാഡ്സ് ഫെഡറേഷന്റെ പ്രസിഡന്റ് എം ആർ മുരുകൻ വ്യക്തമാക്കി.

ചിത്രത്തിൽ പ്രധാനവേഷത്തിൽ മലയാള നടിമാരായ ലിജിമോൾ ജോസും രജിഷ വിജയനും എത്തുന്നുണ്ട്. 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യ തന്നെയാണ് തിരം നിർമ്മിച്ചിരിക്കുന്നത്.

പ്രകാശ് രാജ്, രമേഷ്, മണികണ്ഠൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. എസ് ആർ കതിർ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.