തിരുവനന്തപുരം: രാജ്യത്ത് കോവിഡ് മരണക്കണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം കേരളം. അയൽ സംസ്ഥാനമായ കർണാടകയെ പിന്തള്ളിയാണ് രണ്ടാമതെത്തിയത്. മഹാരാഷ്ട്ര മാത്രമാണ് കോവിഡ് മരണ കണക്കുകളിൽ കേരളത്തിന് മുന്നിലുള്ളത്
1.41 ലക്ഷം കൊവിഡ് മരണങ്ങളാണ് മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത് 38,737 പേർക്കാണ്. അയൽ സംസ്ഥാനങ്ങളായ കർണാടകയിൽ 38,185 പേരും തമിഴ്നാട്ടിൽ 36,415 പേരുമാണ് മരണപ്പെട്ടത്.
കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് മരണങ്ങൾ സംഭവിച്ചിട്ടില്ലെന്ന് കാണിക്കാൻ കേരള സർക്കാർ കള്ളക്കണക്ക് പുറത്തുവിടുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നത്. ഒരു മാസത്തിനുള്ളിൽ പഴയ 8,684 കൊവിഡ് മരണങ്ങളാണ് കേരളം കണക്കിൽ ഉൾപ്പെടുത്തിയതെന്നും ആരോഗ്യമന്ത്രാലയം കണ്ടെത്തിയിരുന്നു. മരണങ്ങളും കോവിഡ് കേസുകളും മറച്ചുപിടിച്ചതാണ് കഴിഞ്ഞ മൂന്നുനാലു മാസങ്ങളായി സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുരുതരമായി മാറാൻ കാരണമെന്നും അധികൃതർ കുറ്റപ്പെടുത്തുന്നു.
കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെയാണ് ഒളിപ്പിച്ചുവെച്ച കോവിഡ് മരണങ്ങളുടെ കണക്കുകൾ കേരളം പുറത്തുവിടാൻ ആരംഭിച്ചത്. രാജ്യമെങ്ങും കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ഏപ്രിലിൽ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളിൽ വെറും 1.4 ശതമാനം മാത്രമായിരുന്നു കേരളത്തിലെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിരുന്നത്. മെയിൽ 2.8 ശതമാനവും ജൂണിൽ 6.4 ശതമാനവും മരണങ്ങളാണ് സംസ്ഥാനം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഓഗസ്റ്റിൽ ഇത് ഒറ്റയടിക്ക് 26.9 ശതമാനമായി വർധിച്ചു.
അതേസമയം സെപ്തംബറിൽ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളിൽ 45.2 ശതമാനവും ഒക്ടോബറിൽ 64.7 ശതമാനവുമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. നവംബറിൽ 77.4 ശതമാനം കൊവിഡ് മരണങ്ങൾ കേരളത്തിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മറച്ചുവെച്ച കോവിഡ് മരണങ്ങളാണ് സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി കേരളം പുറത്തുവിട്ടത്.

