General (Page 1,317)

കൊച്ചി: നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണത്തിന് പുതിയ സംഘം. എറണാകുളം റൂറൽ ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പഴയ ജില്ലാ ക്രൈം ബ്രാഞ്ചാണ് സി ബ്രാഞ്ച് എന്ന പേരിൽ അറിയപ്പെടുന്നത്. ആലുവ ഡിവൈഎസ്പി ശിവൻകുട്ടിക്കായിരുന്നു നേരത്തെ കേസിന്റെ അന്വേഷണ ചുമതല നൽകിയിരുന്നത്.

അതേസമയം കേസിലെ മൂന്ന് പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. കേസിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. കേസിൽ കൂടുതൽ അന്വേഷണം വേണ്ട സാഹചര്യത്തിലാണ് ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള പോലീസിൽ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതെന്ന് അധികൃതർ വ്യക്തമാക്കി.

തിങ്കളാഴ്ച്ച വൈകുന്നേരമാണ് നിയമ വിദ്യാർത്ഥിനിയായ മൊഫിയ ആത്മഹത്യ ചെയ്തത്. ഏഴ് മാസം മുൻപാണ് മുഹമ്മദ് സുഹൈലുമായി മൊഫിയയുടെ വിവാഹം കഴിഞ്ഞത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായതിനെ തുടർന്ന് വീട്ടുകാർ വിവാഹം നടത്തുകയായിരുന്നു. ഭർത്താവിന്റെ വീട്ടിൽ വെച്ച് മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായി മൊഫിയ പരാതി നൽകിയിരുന്നു. സ്ത്രീധനം വേണ്ടെന്നു പറഞ്ഞ് വിവാഹം നടത്തിയ ശേഷം 40 ലക്ഷം രൂപ ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെ ഉള്ള മറ്റ് ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

ശ്രീലങ്കൻ തീരത്തെ ചക്രവാതച്ചുഴിയുടെ പ്രഭാവത്തെ തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ ആന്തമാൻ കടലിൽ ന്യൂനമർദ്ദമായി മാറും. പിന്നീട് ന്യൂനമർദ്ദം ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിക്കുന്നത്.

അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ കാലഹരണപ്പെട്ട 218 നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. കേരള നിയമ പരിഷ്‌കരണകമ്മീഷന്റെ 15-ാമത് റിപ്പോർട്ടിന് ഭേദഗതികളോടെ മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.

തിരുവിതാംകൂർ, തിരു-കൊച്ചി, മലബാർ, കൊച്ചി തുടങ്ങിയ പ്രദേശങ്ങൾക്ക് ബാധകമായിരുന്ന 37 നിയമങ്ങളും 181 നിയമഭേദഗതികളും കാലഹരണപ്പെട്ടതെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിരുന്നത്. ഭേദഗതി നിയമങ്ങളിൽ പലതും പിന്നീട് നിയമത്തിന്റെ തന്നെ ഭാഗമായതായും കമ്മീഷൻ പറഞ്ഞിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമം, ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള 1947ലെ നിയമം, 1975 ലെ കേരള താല്കാലിക കടാശ്വാസ നിയമം, തിരുവിതാംകൂർ കൊട്ടാരത്തിൽ സ്ഥിരമായി നെല്ലും അരിയും നൽകണമെന്ന അവകാശം നിരോധിച്ചുകൊണ്ടുള്ള നിയമം, 2005 ലെ കേരള വിനോദ സഞ്ചാര പ്രദേശങ്ങൾ സംരക്ഷിക്കൽ നിയമം, 1124 ലെ താലിയം വിളംബരം, തിരുവിതാംകൂർ കൊച്ചി വിനോദ നികുതി നിയമം തുടങ്ങിയവയെല്ലാം കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്ന നിയമങ്ങളിൽ ഉൾപ്പെട്ടവയാണ്.

ഇത്തരം നിയമങ്ങൾ അവസാനിപ്പിക്കുന്നതിനായി കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ പാസാക്കണമെന്നാണ് സർക്കാരിനോട് കമ്മീഷൻ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

കൊച്ചി: രാജ്യത്തെ നഗരങ്ങളിലെ സുസ്ഥിര വികസന സൂചികയിൽ പ്രഥമ സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരവും കൊച്ചിയും. സുസ്ഥിര വികസന സൂചികയിൽ തിരുവനന്തപുരം നഗരത്തിന് മൂന്നാം സ്ഥാനവും, കൊച്ചി നഗരത്തിന് അഞ്ചാം സ്ഥാനവുമാണ്. കേന്ദ്ര സർക്കാരിന്റെ നിതി ആയോഗാണ് സൂചിക തയ്യാറാക്കിയത്. ഷിംല, കോയമ്പത്തൂർ, ചണ്ഡീഗഢ്, തിരുവനന്തപുരം എന്നിവയാണ് ആദ്യത്തെ സൂചികയിലെ മൂന്നു നഗരങ്ങൾ. പനാജി, പൂനെ, തിരുച്ചിറപ്പള്ളി, അഹമ്മദാബാദ്, നാഗ്പുർ തുടങ്ങിയ നഗരങ്ങൾ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംനേടിയിട്ടുണ്ട്.

സൂചികയിൽ 70 ശതമാനത്തിനും 75.5 ശതമാനത്തിനുമിടയിൽ സ്‌കോർ ലഭിച്ച നഗരങ്ങൾ നല്ല പുരോഗതി കൈവരിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത് 75.5 ആണ് ഷിംലയ്ക്ക് ലഭിച്ച സ്‌കോർ. തിരുവനന്തപുരത്തിന് 72.4-ഉം കൊച്ചിക്ക് 72.3 ഉം ആണ് സ്‌കോറായി ലഭിച്ചത്. 2030 ൽ നഗരങ്ങൾ കൈവരിക്കേണ്ട 46 വികസനലക്ഷ്യങ്ങളിൽ ഓരോ നഗരവും ഏതുവരെ എത്തിയെന്ന് പരിശോധിച്ച് നിതി ആയോഗ് ആദ്യമായാണ് ഇത്തരമൊരു റാങ്ക് പ്രസിദ്ധീകരിച്ചത്.

ദേശീയ പൊതുജനാരോഗ്യ സർവേ, ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകൾ എന്നിവ ഉൾപ്പെടെ കേന്ദ്ര – സംസ്ഥാന മന്ത്രാലയങ്ങളുടെ വിവിധ റിപ്പോർട്ടുകൾ വിലയിരുത്തിയാണ് സ്‌കോർ തയ്യാറാക്കിയത്. ദാരിദ്ര്യനിർമാർജനം, പൊതു ആരോഗ്യ സംവിധാനം, ശുദ്ധജലലഭ്യത, ക്രമസമാധാനം തുടങ്ങി 46 മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് സൂചിക തയ്യാറാക്കിയത്.

പാരിസ്: ഫ്രാൻസിനും ഇംഗ്ലണ്ടിനുമിടയിലുളള ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങിമരിച്ചവരുടെ എണ്ണം 27 ആയി. ഫ്രാൻസിലെ കലായി തുറമുഖത്തിന് വടക്ക് ഭാഗത്താണ് അപകടം ഉണ്ടായത്. 31 പേർ മരിച്ചുവെന്നാണ് നേരത്തെ ഫ്രാൻസ് അറിയിച്ചിരുന്നത്. പിന്നീട് ഇത് 27 എണ്ണമായി തിരുത്തുകയായിരുന്നു. ഇംഗ്ലീഷ് ചാനലിലുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിപ്പാർക്കാൻ ശ്രമിച്ചവർക്കാണ് അപകടം ഉണ്ടായത്.

ഫ്രഞ്ച് നാവികസേനയുടെ പട്രോളിംഗ് വിഭാഗമാണ് പ്രദേശത്ത് ഒഴിഞ്ഞ ഡിങ്കി കാണ്ടത്. സമീപത്തായി ചിലർ ബോധരഹിതരായി ഒഴുകി നടക്കുന്നതും ചില മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ബോട്ടുകളും ഹെലികോപ്റ്ററുകളുമായി ഫ്രഞ്ച് നാവിക സേന സ്ഥലത്ത് പരിശോധന നടത്തി അവശരായി കണ്ടെത്തിയവരെ ആശുപത്രിയിലെത്തിച്ചു. പ്രദേശത്തെ കളളക്കടത്തുകാർ കാരണമാണ് അഭയാർത്ഥികൾക്ക് ഇത്തരമൊരു ദുരന്തമുണ്ടായതെന്നാണ് ഫ്രഞ്ച് അധികൃതരുടെ ആരോപണം. ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ അഭയാർത്ഥികളുടെ പ്രശ്നത്തിലെ കടുത്ത പ്രശ്നങ്ങൾക്കിടയിലാണ് ദുരന്തമുണ്ടായത്.

മരണമടഞ്ഞവരിൽ ഒരാൾ അഫ്ഗാൻ പ്രതിരോധ സേനയിലെ സൈനികനായിരുന്നു. ബ്രിട്ടീഷ് സേനയുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുളള ഇയാൾ ബ്രിട്ടണിലേക്ക് കുടിയേറാനുളള ശ്രമം ബ്രിട്ടീഷ് ഭരണകൂടം അനുവദിക്കാതെ വന്നതോടെയാണ് അനധികൃതമായി കുടിയേറാൻ ശ്രമിച്ചതെന്നാണ് വിവരം.

തിരുവനന്തപുരം: സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ രാത്രി നടത്തം സംഘടിപ്പിക്കാൻ കെപിസിസി. വ്യാഴാഴ്ച്ച രാത്രി 9 മണിയ്ക്ക് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായാണ് രാത്രി നടത്തം സംഘടിപ്പിക്കുന്നത്. പെണ്മയ്ക്കൊപ്പമെന്ന മുദ്രവാക്യം ഉയർത്തിയാണ് രാത്രി നടത്തം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തിരുവനന്തപുരത്ത് വെച്ച് രാത്രി നടത്തത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു ഉൾപ്പെടെയുള്ള സംഘടനകളിലെ സ്ത്രീകൾ രാത്രി നടത്തത്തിൽ പങ്കെടുത്തും. കോൺഗ്രസിന്റെ എല്ലാ ജനപ്രതിനിധികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം. മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചും ഉടൻ സംഘടിപ്പിക്കും. പ്രതിഷേധ മാർച്ചിന്റെ ഭാഗമായി റൂറൽ എസ് പി ഓഫീസ് ഉപരോധിക്കും. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ആലുവ ഈസ്റ്റ് സ്റ്റേഷനിലും എസ് പി ഓഫീസിനും ഇടയിൽ പോലീസ് ബാരിക്കേഡ് ഉയർത്തി. പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ചെറുതോണി: ജോജു ജോസഫിന്റെ ചുരുളി എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ പുലിവാലു പിടിച്ച് യഥാർത്ഥ ചുരുളിക്കാർ. ഇടുക്കി ജില്ലയിലെ ചെറുതോണിക്കടുത്താണ് ചുരുളി എന്ന നാട്. സിനിമയിലെ സംഭാഷണങ്ങളിൽ അസഭ്യവാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നെന്നു പ്രചാരണം വന്നതോടെ ചുരുളി എവിടെയെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ആളുകൾ തിരച്ചിൽ തുടങ്ങിയെന്നും ഇതുമൂലം മാനക്കേടുണ്ടായെന്നുമാണ് ചുരുളിക്കാർ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി സാംസ്‌കാരിക മന്ത്രി സജി ചെറിയാന് നിവേദനം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. ഒരു മദ്യശാല പോലുമില്ലാത്ത ഗ്രാമമാണ് ചുരുളിയെന്നാണ് നാട്ടുകാർ പറയുന്നത്.

അറുപതുകളിൽ ചുരുളി കീരിത്തോട്ടിൽ വാസമുറപ്പിച്ച കർഷകരെ കുടിയൊഴിപ്പിക്കാൻ അന്നത്തെ സർക്കാർ ബലപ്രയോഗം നടത്തിയതോടെയാണ് ഈ നാട് ചരിത്രത്തിൽ ഇടംനേടുന്നത്. കീരിത്തോട്ടിലും ചുരുളിയിലും കർഷകർ മർദനങ്ങൾക്ക് ഇരകളായിയിരുന്നു. പിന്നീട് എ.കെ. ഗോപാലൻ, ഫാ. വടക്കൻ, മത്തായി മാഞ്ഞൂരാൻ, എൻ.എം. ജോൺ, വെല്ലിങ്ടൺ തുടങ്ങിയവർ കീരിത്തോട്ടിലും ചുരുളിയിലും നടത്തിയ സമരം പ്രസിദ്ധമായിരുന്നു. എകെജി ഏറെ നാൾ നിരാഹാരം അനുഷ്ഠിച്ച് കർഷകർക്ക് അനുകൂലമായ തീരുമാനം നേടിയതിന് ശേഷമാണ് ചുരുളിയിലും സമീപഗ്രാമങ്ങളിലും സമാധാന ജീവിതം തിരികെ ലഭിച്ചത്.

തിരുവനന്തപുരം: കേരളത്തിലെ പൊലീസ് സേനയിൽ 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിൽ പ്രതികൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെയിലുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ കേസുകളിൽ ശിക്ഷപ്പെട്ട 18 പേരെയാണ് സർവ്വീസിൽ നിന്നും പുറത്താക്കിയത്.

സംസ്ഥാനത്ത് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ 744 പേർ ക്രിമിനൽ കേസിൽ പ്രതികളാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പിരിച്ചുവിട്ടവരുടെ കണക്കാണിത്. പിരിച്ചുവിട്ടവരുടെ കണക്ക് പൊലീസ് വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതി കുറ്റക്കാരായി കണ്ടെത്തിയ ശേഷം പിരിച്ചുവിട്ടവരുടെ കണക്കു മാത്രണിത്. ഉദയകുമാർ ഉരുട്ടികൊലക്കേസിലെ ഡിവൈഎസ്പിയും രണ്ടു പോലീസുകാരും മുതൽ പോക്‌സോ കേസിൽ ശിക്ഷപ്പെട്ട പൊലീസുകാരൻ വരെയാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളതെന്നും കണക്കുകളിൽ വിശദമാക്കുന്നത്.

ഗുരുതര കൃത്യവിലോപം കണ്ടെത്തിയ എസ്‌ഐ വരെയുള്ള ഉദ്യോഗസ്ഥരെ റെയ്ഞ്ച് ഐജിമാർക്ക് പിരിച്ചുവിടാൻ അധികാരമുണ്ട്. ഇങ്ങനെ പിരിച്ചു വിട്ടവരെ കൂടി ഉൾപ്പെടുത്തിയാൽ സേനയിൽ നിന്നും പുറത്തായ ക്രിമിനലുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിവരം. നിലവിൽ 691 പേർക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നതെന്നും കണക്കുകൾ പറയുന്നു.

ന്യൂഡൽഹി: രാജ്യാന്തര വിമാന സർവീസുകൾ ഉടൻ തന്നെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബൻസാൽ. കോവിഡ് വൈറസ് വ്യാപനത്തെയും ലോക്ക് ഡൗണിനെയും തുടർന്ന് ഒന്നര വർഷത്തിലേറെയായി രാജ്യാന്തര വിമാന സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ രാജ്യാന്തര വിമാന സർവീസുകൾ പൂർവസ്ഥിതിയിലാകുമെന്നും രാജീവ് ബൻസാൽ വ്യക്തമാക്കി.

കോവിഡ് കേസുകളുടെ എണ്ണം കുറയുകയും കോവിഡ് വാക്സിനേഷൻ വർധിക്കുകയും ചെയ്തതോടെ ‘എയർ ബബിൾ’ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ മറ്റു രാജ്യങ്ങളുമായി ചർച്ച ചെയ്ത് ഇളവു നൽകി. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് കേന്ദ്ര സർക്കാർ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്. രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പെന്ന നിലയിൽ താത്കാലികമായി നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസ അനുവദിക്കുന്നതു പുനരാരംഭിക്കുമെന്ന് സർക്കാർ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

അതേസമയം രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ വിലയിരുത്തുകയാണെന്ന് നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വില വർദ്ധനവിൽ ഇടപെടാൻ തീരുമാനിച്ച് കൃഷിവകുപ്പ്. വ്യാഴാഴ്ച്ച മുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി ശേഖരിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം. കൃഷി മന്ത്രി പി പ്രസാദ് വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

തമിഴ്നാട്, കർണ്ണാടക സർക്കാരുമായി ചേർന്ന് കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ സംഭരിക്കാനാണ് തീരുമാനം. തമിഴ്‌നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ വിളനാശമാണ് വില വർധനവിന് കാരണം.

ഇന്ധന വിലവർധനയുടെ പേരിൽ ഇടനിലക്കാർ ഇരട്ടിവിലയ്ക്കാണ് കേരളത്തിൽ പച്ചക്കറികളെത്തിച്ചു വിൽക്കുന്നത്. പൊള്ളാച്ചിയിൽ കിലോയ്ക്ക് 65 രൂപയാണ് തക്കാളിയുടെ വില. ഇത് പാലക്കാട് എത്തുമ്പോൾ 120 രൂപയാകും. പച്ചക്കറി വില നിയന്ത്രിക്കാൻ ഹോർട്ടികോർപ്പ് സാധ്യമായതെല്ലാം ചെയ്തുവരികയാണെന്ന് കൃഷി മന്ത്രി പി പ്രസാദ് നേരത്തെ അറിയിച്ചിരുന്നു.