ന്യൂഡൽഹി: വിവിധ വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് 17.5 ലക്ഷം പേർ. ഒക്ടോബർ 29 വരെയുള്ള കണക്കുകൾ അനുസരിച്ച് 17,53,897 പേരാണ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നാട്ടിലെത്തിയത്. ഇതിൽ 1,26,883 പേർ തൊഴിൽ നഷ്ടപ്പെട്ടവരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധികൾക്ക് അയവ് വന്നതോടെ ഗൾഫ് മേഖലയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിയന്ത്രണങ്ങളിലും വിസ പുതുക്കലിലും ഇളവുകൾ വന്നതോടെയാണ് ഗൾഫിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വർധിച്ചത്. സൗദി അറേബ്യയിലേക്കാണ് പ്രവാസികൾ കൂടുതൽ മടങ്ങി പോകുന്നത്. പ്രവാസികളുടെ തിരിച്ചറിയൽ രേഖയായ ഇഖാമ മൂന്ന് മാസത്തേക്ക് ഉൾപ്പെടെ പുതുക്കാൻ തുടങ്ങിയതോടെയാണ് മടങ്ങിപ്പോക്ക് വർധിച്ചത്.
നാട്ടിൽ നിന്നുകൊണ്ട് വിസ പുതുക്കാനായത് പ്രവാസികൾക്ക് ഏറെ സഹായമായി. രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനമില്ല. വാക്സിൻ എടുക്കാത്തവർ ദുബായിലെത്തി 15 ദിവസം ക്വാറന്റെയ്‌നിൽ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് മടങ്ങുന്നത്. നേരിട്ടുള്ള വിമാനസർവീസുകൾ പല രാജ്യങ്ങളിലേക്കും പുനഃരാരംഭിച്ചതും പ്രവാസികൾക്ക് ആശ്വാസകരമായി. ഖത്തർ, ദുബായ്, ഒമാൻ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കും പ്രവാസികൾ തിരികെ പോകാൻ ആരംഭിച്ചു.
നെടുമ്പാശേരിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ആഴ്ചയിൽ 162 സർവീസുകളാണ് നടത്തുന്നത്.

