ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി 6 ജി സാങ്കേതികവിദ്യ വികസിപ്പിച്ചുവരികയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. 2023 അവസാനമോ, 2024 ആദ്യമോ രാജ്യത്ത് 6 ജി സാങ്കേതിക വിദ്യ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് 6ജി ടെക്നോളജിക്കായി സോഫ്റ്റ്‌വെയറും ഹാർഡ്വെയറും നിർമിക്കുന്നുണ്ടെന്നും ഇത് ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങൾക്കും നൽകാനായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വന്തം 5ജി യുടെയും ജോലികളും നടക്കുന്നുണ്ട്. ഇതിന്റെ കേന്ദ്ര സോഫ്റ്റ്‌വെയറുകളിലൊന്ന് 2022 മൂന്നാം പാദത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ 5 ജി സ്പെക്ട്രം ലേലം 2022 രണ്ടാം പാദത്തിൽ നടന്നേക്കും. ട്രായിക്ക് 5ജി ലേലത്തിനുള്ള റഫറൻസ് നൽകി കഴിഞ്ഞു. അതിനുള്ള കൂടിയാലോചനകൾ സംഘടിപ്പിക്കുകയാണ് ട്രായി ഇപ്പോൾ. ഈ പ്രക്രിയ അടുത്ത വർഷം ഫെബ്രുവരി-മാർച്ച് കാലഘട്ടത്തിൽ തീരും. ടെലികോം മേഖലയ്ക്ക് 100 ശതമാനം എഫ്ഡിഐ അനുവദിക്കും. നേരത്തെ ഇത് 49 ശതമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് കുറഞ്ഞത് 600 ലോൺ ആപ്പുകൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വർക്കിങ് ഗ്രൂപ്പ് റിപ്പോർട്ടിൽ വിശദമാക്കുന്നു. ഇത്തരം ആപ്പുകൾ വ്യക്തികളെക്കുറിച്ചു ശേഖരിക്കുന്ന വിവരത്തെക്കുറിച്ചും ആർബിഐ ആശങ്ക രേഖപ്പെടുത്തി. ലോൺ അടച്ചു തീർത്താൽ പോലും തങ്ങളുടെ ഡേറ്റ നീക്കംചെയ്യാൻ ഉപയോക്താക്കൾക്കു സാധിക്കുന്നില്ലെന്നും ആർബിഐ വിശദീകരിച്ചു.

