ആരോഗ്യ മന്ത്രിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള വാർത്താ പ്രചരിപ്പിച്ചു; ക്രൈം നന്ദകുമാറിന്റെ അറസ്റ്റിൽ വിശദീകരണവുമായി പോലീസ്

കൊച്ചി: ക്രൈം പത്രാധിപർ ടി പി നന്ദകുമാറിന്റെ അറസ്റ്റിൽ വിശദീകരണവുമായി കൊച്ചി സൈബർ ക്രൈം പൊലീസ്. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള വാർത്താ പ്രചരിപ്പിച്ചതിനാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് സൈബർ ക്രൈം പോലീസ് അറിയിച്ചു. ഐടി നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമാണ് നന്ദകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

സ്ത്രീകൾക്കെതിരെയുള്ള അപവാദ പ്രചരണങ്ങൾക്കും സോഷ്യൽ മീഡിയ വഴിയുള്ള ആക്രമണങ്ങൾക്കും ശക്തമായ നടപടി സ്വീകരിക്കേണ്ടതാണെന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി. വാർത്താ കുറിപ്പിലൂടെയാണ് സൈബർ ക്രൈം പോലീസ് ഇക്കാര്യം അറിയിച്ചത്. നന്ദകുമാർ ആരോഗ്യ മന്ത്രിയുടെ സ്ത്രീത്വത്തെ അപമാനിക്കണമെന്നും അപകീർത്തിപ്പെടുത്തണം എന്നുമുള്ള ഉദ്ദേശത്തോടെ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുകയും മനുഷ്യമനസ്സിനെ ദുഷിപ്പിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ ഉൾപ്പെടുന്ന വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് നന്ദകുമാറിനെ ക്രൈം ഓഫീസിൽ നിന്നും അറസ്റ്റ് ചെയ്തത്.

നന്ദകുമാറിനെതിരെ നിരവധി കേസുകൾ പല സ്റ്റേഷനുകളിലായി നിലനിൽക്കുന്നുണ്ട്. സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്നവരും മാന്യമായി ജീവിക്കുന്നവരുമായ സ്ത്രീകൾ ഉൾപ്പടെ ഉള്ളവരെ കുറിച്ച് അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തി സാമൂഹ്യ മാദ്ധ്യമങ്ങളിൽ സ്ഥിരമായി വീഡിയോ പോസ്റ്റ് ചെയ്യുമെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. ചാനലിന് സബ്സ്‌ക്രൈബേഴ്സിനെ വർദ്ധിപ്പിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.

മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിനെതിരെ നേരത്തെ പൊലീസ് കേസടുത്തിരുന്നു. പിസി ജോർജിന്റെ ടെലിഫോൺ സംഭാഷണം സാമൂഹിക മാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് നന്ദകുമാറിനെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.