ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട ദൗത്യത്തിന് വേണ്ടി തയ്യാറായി ഒളിംപിക്‌സ് താരങ്ങൾ. ടോക്കിയോ ഒളിംപിക്‌സിലെ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര ഉൾപ്പെടെയുള്ള ഒളിംപിക്‌സ് താരങ്ങളാണ് പ്രധാനമന്ത്രിയുടെ ദൗത്യം നടപ്പിലാക്കാൻ തയ്യാറെടുത്തത്. ഒളിംപിക് താരങ്ങളും പാരാലിംപിക് താരങ്ങളും സ്‌കൂൾ വിദ്യാർഥികളുമായി സംവദിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഒരു ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.
കായിക മത്സരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സന്തുലിത ആഹാര ക്രമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശാരീരികക്ഷമത നിലനിർത്തുന്നതിനെക്കുറിച്ചും കായിക താരങ്ങൾ സ്‌കൂൾ വിദ്യാർത്ഥികളുമായി സംസാരിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം ദേശീയ കായിക-യുവജന ക്ഷേമ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ഒരു പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച്ച നടത്താനും സംവദിക്കാനുമാണ് ഒളിംപിക്‌സ് താരങ്ങൾ തയ്യാറായത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന ആസാദി കി അമൃത് മഹോത്സവ് ചടങ്ങിൽ പങ്കെടുക്കവെയാണ് നരേന്ദ്ര മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്തെ വിവിധ സ്‌കൂളുകളിലെത്തി വിദ്യാർത്ഥികളെ നേരിൽ കാണാനാണ് ഒളിംമ്പിക്‌സ് താരങ്ങളുടെ തീരുമാനം. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സൻസ്‌കർധാം സ്‌കൂളിൽ നീരജ് ചോപ്ര നടത്തുന്ന സന്ദർശനത്തോടെയാണ് ദൗത്യം ആരംഭിക്കുന്നത്. ഡസംബർ നാലിനാണ് അദ്ദേഹത്തിന്റെ സന്ദർശനം. ഗുജറാത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് അദ്ദേഹത്തോട് സംസാരിക്കാനുള്ള അവസരം ഒരുങ്ങുന്നത്.
വളരെയധികം സന്തോഷത്തോടെയും ആവേശത്തോടെയുമാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ച ആശയം ഏറ്റെടുത്തതെന്നാണ് നീരജ് ചോപ്ര പറയുന്നത്. നിത്യജീവിതത്തിൽ ശാരീരിക വ്യായാമത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാനും സന്തുലിത ആഹാര ക്രമത്തിന്റെയും പോഷകാഹാരത്തിന്റെയും പ്രാധാന്യവും ആരോഗ്യകരമായ ജീവതം പിന്തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മനസിലാക്കി നൽകാനും കായിക താരങ്ങൾക്ക് നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദമാക്കി.

