തിരുവനന്തപുരം: നിലപാടിൽ അയവു വരുത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വകുപ്പ് മേധാവി വഴിയല്ലാതെ പൊതുമരാമത്ത് മന്ത്രിയെ സമീപിക്കരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. എൻജിനീയർമാരുടെ ആത്മവിശ്വാസം തകർക്കുന്ന ഉത്തരവായതിനാലാണ് റദ്ദാക്കിയതെന്നാണ് മന്ത്രി വിശദമാക്കുന്നത്.
2017 ൽ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും ട്രാൻസ്ഫർ അപേക്ഷ പോലുള്ള കാര്യങ്ങൾ വകുപ്പു മേധാവി വഴിയേ പാടുള്ളുവെന്നായിരുന്നു ഉത്തരവിൽ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇതോടൊപ്പം ചില കാര്യങ്ങൾ പുതിയ ഉത്തരവിൽ കൂട്ടി ചേർക്കുകയായിരുന്നുവെന്നും ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി അഡ്മിനിസ്‌ട്രേറ്റീവ് ചീഫ് എഞ്ചിനീയറോട് വിശദീകരണം ആവശ്യപ്പെട്ടു. അതേസമയം പൊതുമരാമത്ത് റോഡുകളുടെ പരിപാലനം ഉറപ്പുവരുത്താനുളള പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചലച്ചിത്ര താരം ജയസൂര്യയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഓരോ റോഡിന്റേയും പരിപാലന കാലാവധി, കരാറുകാരന്റേയും ഉദ്യോഗസ്ഥന്റേയും പേര്, ഫോൺ നമ്പർ എന്നിവ റോഡരികിലെ ബോർഡിൽ പ്രസിദ്ധീകരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. റോഡിൽ തകരാറ് ശ്രദ്ധയിൽപെട്ടാൽ ഫോണിലൂടെ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

