വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദായി; പാർലമെന്റ് അംഗീകരിച്ച ബില്ലിൽ ഒപ്പിട്ട് രാഷ്ട്രപതി

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ പാർലമെന്റ് അംഗീകരിച്ച ബില്ലിൽ ഒപ്പിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളാണ് ഇതോടെ റദ്ദായത്. കഴിഞ്ഞ ദിവസമാണ് ലോക്‌സഭയും രാജ്യസഭയും ബില്ല് റദ്ദാക്കുന്നതിന് അംഗീകാരം നൽകിയത്. വാവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നായിരുന്നു തീരുമാനം.

ഇക്കഴിഞ്ഞ നവംബർ 19 നാണ് പ്രധാനമന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കർഷർ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കേന്ദ്രം ഇത്തരത്തിലൊരു നിർണായക പ്രഖ്യാപനം നടത്തിയതെന്നാണ് വിലയിരുത്തൽ.

കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണെന്നായിരുന്നു വിവാദ കർഷക നിയമങ്ങൾ പിൻവലിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയപ്പോൾ പ്രധാനമന്ത്രി പറഞ്ഞത്. കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർ മടങ്ങി പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.