വാഹനവുമായി റോഡിലേക്കിറങ്ങുമ്പോൾ സൂക്ഷിക്കൂ; ട്രാഫിക് ലംഘനങ്ങൾ നടത്തി പിഴ അടയ്ക്കാതെ മുങ്ങുന്നവരെ പിടികൂടാൻ ഇനി കേന്ദ്രവും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് ലംഘനങ്ങൾ നടത്തി പിഴ അടയ്ക്കാതെ മുങ്ങുന്നവരെ പിടികൂടാൻ ഇനി കേന്ദ്രവും. നിലവിൽ സംസ്ഥാന മോട്ടർ വാഹനവകുപ്പാണ് കേരളത്തിലെ റോഡുകളിലെ നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുന്നത്. ഇനി ഇതിനായി കേന്ദ്രവും രംഗത്തുണ്ടാകുമെന്നാണ് വിവരം.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള പരിവാഹൻ സോഫ്റ്റ്‌വെയറുമായി ലിങ്ക് ചെയ്യുന്ന ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിലൂടെയാണ് ഇത് സാദ്ധ്യമാക്കുന്നത്. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെ ഇതിനായി പരിവാഹൻ സോഫ്റ്റ്‌വെയറുമായി ലിങ്ക് ചെയ്യും. ക്യാമറകൾ പ്രവർത്തിപ്പിക്കാൻ പ്രത്യേക സംഘത്തെയും മോട്ടർ വാഹനവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഇതിൽ ആർക്കുവേണമെങ്കിലും ട്രാഫിക് നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ സഹിതമെടുത്ത് അപ്ലോഡ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.

റോഡിൽ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞാൽ, ഉടൻ വാഹന ഉടമയ്ക്ക് പിഴ മൊബൈലിൽ സന്ദേശമായി ലഭിക്കുന്നതാണ്. പതിനഞ്ച് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് തപാൽ വഴി പിഴ അടയ്ക്കാനുള്ള നോട്ടീസ് എത്തും. പതിനഞ്ച് ദിവസത്തിനകം പിഴ നൽകാനായില്ലെങ്കിൽ പിന്നീട് തുക കോടതിയിൽ കെട്ടിവയ്ക്കേണ്ടതായി വരും. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ വിശദ വിവരങ്ങൾ എൻ ഐ സിയുടെ സെർവറിൽ രേഖപ്പെടുത്തും. പിഴ തുക അടയ്ക്കാത്തവർക്ക് പിന്നീട് നികുതി, ഫിറ്റ്‌നസ് ഉൾപ്പെടെ എല്ലാ ഇടപാടുകളും നടത്താൻ കഴിയില്ല. ഇതോടെ വാഹനത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്യും.