കോവിഡ്; ഈ രക്തഗ്രൂപ്പിലുള്ളവർക്ക് രോഗബാധയേൽക്കാൻ സാധ്യത കൂടുതൽ, നിർണായക പഠനം പുറത്ത്‌

covid

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തുമായി ഗവേഷകർ. കോവിഡ് അണുബാധയക്ക് കൂടുതൽ വിധേയരാകുന്നത് എ, ബി രക്തഗ്രൂപ്പുകളും ആർഎച്ച് പോസിറ്റീവ് ഉള്ള ആളുകളുമാണെന്ന പുതിയ പഠനമാണ് ഗവേഷകർ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഒ, എബി, ആർഎച്ച് നെഗറ്റീവ് എന്നീ രക്തഗ്രൂപ്പുകളിലുള്ളവർക്ക് അണുബാധയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരാണ് പഠനം നടത്തിയത്. 2,586 കോവിഡ് പോസിറ്റീവ് രോഗികളിലാണ് ഗവേഷണം നടത്തിയത്.

2020 ഏപ്രിൽ 8 മുതൽ ഒക്ടോബർ 4 വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിലാണ് പിസിആർ- ആർടിപിസിആർ പരിശോധന നടത്തിയത്. എസ്ജിആർഎച്ചിലെ ഡിപ്പാർട്ട്മെന്റ് ഓഫ് റിസർച്ചും ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ മെഡിസിനും ചേർന്ന് നടത്തിയ പഠനം ‘ഫ്രോണ്ടിയേഴ്‌സ് ഇൻ സെല്ലുലാർ ആൻഡ് ഇൻഫെക്ഷൻ മൈക്രോബയോളജി’ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

എ,ബി,ഒ, ആർഎച്ച് രക്തഗ്രൂപ്പുകൾക്ക് കോവിഡ്-19 രോഗബാധ, രോഗനിർണയം, വീണ്ടെടുക്കൽ സമയം, മരണനിരക്ക് എന്നിവയുമായുള്ള ബന്ധത്തെക്കുക്കുറിച്ച് ഡോക്ടർമാർ പരിശോധിച്ചു. എ, ബി, ആർഎച്ച്+ എന്നീ രക്തഗ്രൂപ്പുകളുള്ള ആളുകൾക്ക് കോവിഡ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണ്. ഒ, എബി, ആർഎച്ച്- ve ഉള്ളവർക്ക് കോവിഡ് -19 അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം രക്തഗ്രൂപ്പുകളും രോഗത്തിന്റെ തീവ്രതയും മരണനിരക്കും തമ്മിൽ യാതൊരു ബന്ധവും കണ്ടെത്തിയിട്ടില്ല. ചുവന്ന രക്താണുക്കളുടെ (RBCs) ഉപരിതലത്തിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് Rh ഘടകം. രക്തഗ്രൂപ്പുകൾക്ക് അടുത്തുള്ള പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ചിഹ്നം Rh ഘടകത്തെ സൂചിപ്പിക്കുന്നു.