മുംബൈ: പീഡന കേസിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ബിഹാർ സ്വദേശിനി. ബോംബെ ഹൈക്കോടതിയിലാണ് യുവതി ഇതുസംബന്ധിച്ച ഹർജി സമർപ്പിച്ചത്. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടുമെന്നുമാണ് യുവതി വ്യക്തമാക്കുന്നത്.
ജനുവരി നാലിന് കോടതി കേസ് പരിഗണിക്കും. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്ന് ആരോപിച്ചാണ് യുവതി പരാതി നൽകിയത്. 2019 ജൂൺ 13-നാണ് ബിനോയിക്കെതിരെ യുവതി പീഡന പരാതി നൽകിയത്. ബിനോയിയുമായുള്ള ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കേസ് തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതി ഡിഎൻഎ പരിശോധന നടത്താൻ നിർദ്ദേശിച്ചത്. തുടർന്ന് 2019 ജൂലൈ 29 ന് ബൈക്കുളയിലെ ജെജെ ആശുപത്രിയിൽ ബിനോയി കോടിയേരിയുടെ ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാമ്പിൾ ശേഖരിക്കുകയും കഴിഞ്ഞ വർഷം ഡിസംബറിൽ സീൽ ചെയ്ത കവറിൽ പരിശോധനാ ഫലം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.