സന്ദീപിന്റെ കൊലപാതകം; ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടിയേരി

തിരുവനന്തപുരം: സിപിഐ എം യുവനേതാവായ സ. സന്ദീപിന്റെ അരുംകൊല ആർഎസ്എസ് ബിജെപി സംഘം ആസൂത്രിതമായി നടത്തിയതാണെന്ന് കോടിയേരി ബാലകൃഷ്ണൻ. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ ഉന്നതതല അന്വേഷണം നടത്തണം. കൊലയാളി സംഘത്തെ ജനത്തിനിടയിൽ നിന്നും ഒറ്റപ്പെടുത്തണം. ഇവരെ അമർച്ച ചെയ്യാൻ സാധിക്കുന്ന തരത്തിൽ ജനം രംഗത്തിറങ്ങണം. സിപിഐ എം പ്രവർത്തകരെ കൊലചെയ്യുന്നത് ആർഎസ്എസ് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പാർട്ടിയുടെ 20 പ്രവർത്തകർ കൊല ചെയ്യപ്പെട്ടു. ഇതിൽ 15 പേരെ കൊന്നതും ബിജെപി- ആർഎസ്എസ് സംഘമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇതിനകം കേരളത്തിൽ ആർഎസ്എസ് കൊലക്കത്തിക്കിരയായത് 215 സിപിഐ എം പ്രവർത്തകരെയാണ്. രാഷ്ട്രീയ എതിരാളികളാകെ നടത്തിയ അക്രമത്തിൽ 588 സിപിഐ എം പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടു. ഇത്തരത്തിൽ കൊല നടത്തി പാർട്ടിയെ ഇല്ലാതാക്കാനാണ് ശ്രമമെങ്കിൽ അത് നടക്കില്ലെന്ന് മുൻകാലങ്ങളിൽ തെളിയിച്ചിട്ടുണ്ട്. കൊലയ്ക്ക് പകരം കൊലയെന്നത് സിപിഐ എം ന്റെ മുദ്രാവാക്യമല്ല, ആർഎസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തിൽപെടരുത്. ആത്മസംയമനം പാലിച്ചുകൊണ്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.