സിപിഎം നേതാവിന്റെ കൊലപാതകം; പ്രതികൾ ബിജെപി പ്രവർത്തകരെന്ന് എഫ്‌ഐആർ

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എഫ്‌ഐആർ റിപ്പോർട്ട് പുറത്ത്. കേസിലെ പ്രതികൾ ബിജെപി പ്രവർത്തകരാണെന്നാണ് പോലീസ് എഫ്‌ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. സന്ദീപിനെ ആക്രമിച്ചത് കൊല്ലാൻ വേണ്ടി തന്നെ ആണെന്നും എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നായിരുന്നു പോലീസ് നേരത്തെ പറഞ്ഞിരുന്നത്. സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതികൾ ബിജെപി പ്രവർത്തകരെന്നാണ് പുറത്തു വന്ന എഫ്‌ഐആഫിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിന് തൊട്ടു മുമ്പ് പുറത്തുവന്ന എഫ്‌ഐആറിലാണ് ഈ പരാമർശം. ബിജെപി പ്രവർത്തകരായ അഞ്ചു പേർക്ക് സിപിഎം പ്രവർത്തകനായ സന്ദീപിനോട് വൈരാഗ്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് മുൻകൂട്ടി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി മാരകായുധങ്ങളുമായെത്തി ആസൂത്രിതമായി ആക്രമിച്ച് മുറിവേൽപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

അതേസമയം സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. ജില്ലാ പോലീസ് സൂപ്രണ്ട് അടക്കമുള്ള ആളുകൾ സംഭവത്തിൽ രാഷ്ട്രീയപരമായ ബന്ധം തള്ളുകയും മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.