ജലന്ധർ: ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ ആക്രമണം. പഞ്ചാബ് കിരത്പൂരിൽ എത്തിയ നടിയുടെ കാർ കർഷകരെന്ന് വിളിക്കുന്ന ഒരു സംഘം വളഞ്ഞു. ആസൂത്രിത നീക്കമാണ് കങ്കണയ്‌ക്കെതിരെ ഉണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കങ്കമയുടെ കാറിനെ വളഞ്ഞ ശേഷം സംഘം കൊടിയുർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചണ്ഡിഗഡ്-ഉന ഹൈവേയിൽ കിരത്പൂർ സാഹിബിലെ ബംഗ സാഹിബിൽ വെച്ചായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. നേരത്തെ കർഷകസമരത്തെക്കുറിച്ച് ചില വിമർശനങ്ങൾ ഉന്നയിച്ചതിന് ശേഷം നടിക്കെതിരെ വധഭീഷണി ഉയർന്നിരുന്നു. തുടർന്ന് കങ്കണ പോലീസിൽ പരാതിയും നൽകി. തനിക്ക് തുടർച്ചയായി വധഭീഷണി കിട്ടിക്കൊണ്ടിരിക്കുകയാണെന്നും ബത്തിൻഡയിൽ നിന്നുള്ള ഒരാൾ കഴിഞ്ഞ ദിവസം വധഭീഷണി മുഴക്കിയിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.
ഭീഷണികൾക്കിടയിലും വളരെ ശക്തമായ നിലപാടാണ് കങ്കണ സ്വീകരിച്ചിരിക്കുന്നത്. ഇത്തരം ഭീഷണികൾക്ക് മുൻപിൽ വഴങ്ങില്ലെന്നും രാജ്യത്തിനെതിരായി ഗൂഢാലോചന നടത്തുന്നവർക്കെതിരെ ഇനിയും സംസാരിക്കുമെന്നും താരം പറഞ്ഞിരുന്നു. അത് നിഷ്‌കളങ്കരായ ജവാന്മാരെ കൊല്ലുന്ന നക്സലൈറ്റുകളായാലും ശരി, തീവ്രവാദികളായാലും ശരി. ചെറിയ ചെറിയ ഗൂഢസംഘങ്ങളും തീവ്രവാദികളും വിദേശത്തിരുന്ന ഖാലിസ്താൻ രൂപീകരിക്കാമെന്ന് കരുതുന്നവരുമുണ്ടെന്നും കങ്കണ വ്യക്തമാക്കിയിരുന്നു.
അതേസമയം സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ് കർഷക സമരത്തിന്റെ നേതാവായ രാകേഷ് ടികായത്ത് വിശദമാക്കുന്നത്.

