ബിപിൻ റാവത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹെലികോപ്ടർ അപകടത്തിൽ മരിച്ച മറ്റ് 12 പേർക്കും അദ്ദേഹം അന്ത്യാഞ്ജലി അറിയിച്ചു. ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തി അപകടത്തിൽ മരിച്ച ഓരോരുത്തരുടേയും ചിത്രങ്ങൾക്ക് മുന്നിൽ അദ്ദേഹം റീത്ത് സമർപ്പിച്ചു. ഭൗതിക ശരീരം അടങ്ങിയ പെട്ടികളിൽ അദ്ദേഹം പുഷ്പാർച്ചനയും നടത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു. വിവിധ സൈനികമേധാവികളും ഹെലിക്‌പോക്ടർ അപകടത്തിൽ മരണപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും വിമാനത്താവളത്തിലെത്തി മരണപ്പെട്ടവരുടെ ചിത്രങ്ങൾക്ക് മുന്നിൽ റീത്തുകൾ സമർപ്പിച്ചു. രാവിലെ 11 മുതൽ 12 മണി വരെ ബിപിൻ റാവത്തിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. പൊതുജനങ്ങൾക്കും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടായിരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും മൃതദേഹം സംസ്‌കാരിക്കുന്നത്. അപകടത്തിൽ മരിച്ച 13 പേരിൽ നാലു പേരുടെ മൃതദേഹങ്ങൾമാത്രമെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളു. മറ്റുള്ളവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതിന് ശേഷം മാത്രമെ ബന്ധുക്കൾക്ക് വിട്ടു നൽകൂ.

അതേസമയം അപകടത്തിൽ മരിച്ച വരുൺ സിംഗിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. വിദഗ്ദ്ധ ചികിത്സ നൽകാനായി അദ്ദേഹത്തെ ബംഗളൂരൂവിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.