വഖഫ് ബോർഡ് നിയമനം; മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബിൽ സഭയിൽ വന്നപ്പോൾ പിഎസ്സി നിയമനത്തെ അനുകൂലിച്ച മുസ്ലീം ലീഗ് ഇപ്പോൾ ഇതൊരു വൈകാരിക വിഷയമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗ് ഒരു രാഷ്ട്രീയപാർട്ടിയാണോ മത സംഘടനയാണോ എന്നത് ലീഗ് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് വിഷയത്തിൽ സർക്കാർ നിലപാട് നേരത്തെ വ്യകതമാക്കിയതാണ്, സർക്കാരിന് ഈ വിഷയത്തിൽ പിടിവാശിയോ നിർബന്ധമോ ഇല്ല. മത സംഘടനാ നേതാക്കളോട് ഈ വിഷയം ചർച്ച ചെയ്തതാണ്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെയാകെ ആട്ടിപ്പേറവകാശം തങ്ങൾക്കാണ് എന്ന് പറഞ്ഞു വന്നാൽ അത്
അംഗീകരിക്കാൻ തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചർച്ച ചെയ്യേണ്ടവരുമായി ചർച്ച ചെയ്ത് പരിഹാരം കാണും. അവർക്ക് ഇതിൽ കൃത്യമായ ബോധ്യമുണ്ട്. എന്നാൽ ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നു. ലീഗിന് ചെയ്യാനുള്ളത് ചെയ്യൂ, തങ്ങൾക്കതിൽ പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.