മുല്ലപ്പെരിയാറിലെ മരംമുറി; ഉത്തരവിട്ട ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിൽ മരംമുറിക്ക് ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെയുള്ള നടപടി പിൻവലിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡനായ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷനാണ് പിൻവലിച്ചത്. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ചാണ് തീരുമാനം.

നവംബർ 11-നായിരുന്നു മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്ക് അനുമതി നൽകിയതിന് ബെന്നിച്ചൻ തോമസിസിനെതിരെ നടപടി സ്വീകരിച്ചത്. ബെന്നിച്ചൻ തോമസിന്റെ ഉത്തരവ് പ്രകാരം മരംമുറി നടന്നിട്ടില്ലെന്നാണ് സസ്പെൻഷൻ റിവ്യൂ കമ്മിറ്റി നൽകിയ ശുപാർശയിൽ വ്യക്തമാക്കിയിട്ടുള്ളത്. മേലിൽ മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് എടുക്കുന്ന നടപടികൾ വനംവകുപ്പു മേധാവിയെയും സർക്കാരിനെയും അറിയിച്ചാകണം എന്ന ഉപാധിയുടെ അടിസ്ഥാനത്തിൽ ബെന്നിച്ചനെ തിരിച്ചെടുക്കണമെന്നും ശുപാർശയിൽ വിശദമാക്കുന്നുണ്ട്. ഇത് അംഗീകരിച്ചു കൊണ്ടാണ് ബെന്നിച്ചന്റെ സസ്‌പെൻഷൻ പിൻവലിച്ചത്.

ഐ.എഫ്.എസ്. അസോസിയേഷനും വനംവകുപ്പിലെ ഉദ്യോഗസ്ഥ സംഘനകളും സിവിൽ സർവീസസ് അസോസിയേഷനും ബെന്നിച്ചന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിൽ സമ്മർദ്ദം ചൊലുത്തിയിരുന്നു. ഉദ്യോഗസ്ഥതലത്തിലെ മറ്റ് വീഴ്ചകളെക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ റിപ്പോർട്ടും സർക്കാരിന് ലഭിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ കാര്യമായ കണ്ടെത്തലുകളോ കുറ്റപ്പെടുത്തലുകളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.