കെയുആർടിസി ഡിപ്പോയിലെ ലോ ഫ്‌ളോർ ബസ്സുകൾ നന്നാക്കണം; സമരവുമായി കോൺഗ്രസ്

കൊച്ചി: അനിശ്ചിതക്കാല സമരം ആരംഭിക്കാനൊരുങ്ങി കോൺഗ്രസ്. തേവര കെയുആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരിക്കുന്ന ലോ ഫ്‌ളോർ ബസ്സുകൾ ഉടൻ സർവീസ് തുടങ്ങിയില്ലെങ്കിൽ അനിശ്ചികാലസമരം ആരംഭിക്കുമെന്നാണ് കോൺഗ്രസ് മുന്നറിയിപ്പ് നൽകുന്നത്. കോടികൾ വിലയുള്ള ബസുകൾ തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനാലാണ് കോൺഗ്രസ് സമരം നടത്താനൊരുങ്ങുന്നത്. സമരരീതി തീരുമാനിക്കാൻ ഉടൻ ഡിസിസി പ്രത്യേക യോഗം ചേരുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

35 ദീർഘദൂരബസ്സുകൾ ഉൾപ്പടെ 85 ലോ ഫ്‌ളോർ എസി ബസ്സുകളാണ് തേവര കെയുആർടിസി ഡിപ്പോയിൽ കിടന്ന് നശിക്കുന്നത്. ഇങ്ങനെ തുരുമ്പെടുത്ത് നശിക്കുന്നത്. ജൻറം പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ കൊച്ചിക്കായി പ്രത്യേകം അനുവദിച്ച ബസ്സുകളാണ് നശിച്ചു കൊണ്ടിരിക്കുന്നത്.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കുറയുന്നതോടെ അറ്റകുറ്റപണി പൂർത്തിയാക്കി സർവീസ് തുടങ്ങുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് ഇതുവരെ നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിനെതിരെയാണ് കോൺഗ്രസ് സമരം നടത്താനൊരുങ്ങുന്നത്.