ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ചൈനയാണ്. ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വാക്കുകളാണിവ. ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറാൻ അവരുടെ നിയമം അനുവദിക്കുകയാണെങ്കിൽ അവിടെ തർക്കം ഉണ്ടാകും. ചൈന കളിക്കുന്ന മനശാസ്ത്രപരമായ കളികൾക്ക് കീഴ്‌പ്പെടുന്നവരായി നാം മാറരുത്. അതാണ് അവർക്ക് വേണ്ടത്. പാക്കിസ്ഥാനല്ല, ചൈനയാണ് നമ്മുടെ ഏറ്റവും വലിയ ശത്രുവെന്നായിരുന്നു നവംബറിൽ നടന്ന ടൈംസ് നൗ സമ്മിറ്റിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ചൈനയാണോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വടക്കൻ അതിർത്തിയിൽ ചൈന സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. പരസ്പരം ഭീഷണിയാവില്ലെന്ന ഇരു രാജ്യങ്ങളുടേയും നേതാക്കന്മാരുടെ നയതന്ത്ര മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതാണ് ബിപിൻ റാവത്തിന്റെ പ്രതികരണമെന്നായിരുന്നു ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് കേണൽ വു ക്വിയാൻ അറിയിച്ചത്.
ജനറൽ റാവത്തിന്റെ അഭിപ്രായം അപകടകരവും ഭൗമരാഷ്ട്രീയ ഏറ്റുമുട്ടലിന് പ്രേരിപ്പിക്കുന്നതുമാണെന്ന് ചൈന പ്രതികരിച്ചിരുന്നു. ബിപിൻ റാവത്തിന്റെ വിയോഗ വാർത്ത കേട്ടതിന്റെ നടുക്കലിനിടയിലും അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഓരോ ഇന്ത്യക്കാരന്റെ മനസിലും മുഴങ്ങി കേൾക്കുന്നുണ്ട്.

