General (Page 1,295)

തിരുവനന്തപുരം: പച്ചക്കറി വില കുറയ്ക്കാൻ നടപടികളുമായി സർക്കാർ. ഇടനിലക്കാർ ഇല്ലാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് സർക്കാർ നേരിട്ട് പച്ചക്കറി സംഭരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. രണ്ട് ആഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കർഷക സംഘങ്ങളിൽ നിന്നാണ് സർക്കാർ പച്ചക്കറി സംഭരിക്കുന്നത്. ആവശ്യമെങ്കിൽ ഹോർട്ടികോർപ്പിന് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി.

തദേശീയ പച്ചക്കറികളും വിപണിയിൽ സുലഭമാക്കും. സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് പച്ചക്കറി വില സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്. തക്കാളി വില ചില്ലറ വിപണിയിൽ 120 ന് മുകളിലെത്തി. ചില്ലറ വിപണിയിൽ കിലോയ്ക്ക് 40 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും മൊത്ത വിപണിയിൽ ക്ഷാമമായതിനാൽ പച്ചക്കറി കിട്ടാനില്ലെന്നാണ് വ്യാപാരികൾ വിശദമാക്കുന്നത്.

ദുബായ്: ഗുജറാത്തിലും ലുലു ഗ്രൂപ്പ് സ്ഥാപിക്കുന്നു. വാണിജ്യ നഗരമായ അഹമ്മദാബാദിൽ ഷോപ്പിംഗ് മാൾ നിർമ്മിക്കാനാണ് ലുലു ഗ്രൂപ്പിന്റെ പദ്ധതി. ഇക്കാര്യം സംബന്ധിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഇതിനു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ചർച്ച നടത്തി.

ഗുജറാത്തിൽ 2000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ലുലു ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്.
അഹമ്മദാബാദിനും ഗാന്ധിനഗറിനും അടുത്ത പ്രദേശത്ത് ലുലുമാൾ നിർമ്മിക്കുന്നതിനുള്ള ധാരണാപത്രത്തിൽ എം എ യൂസഫലിയും ഗുജറാത്ത് സർക്കാരും ഒപ്പുവച്ചു.

അടുത്തവർഷത്തോടെ ഗുജറാത്തിൽ ലുലു ഗ്രൂപ്പ് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് വിവരം. 30 ഏക്കർ സ്ഥലമാണ് ലുലു ഗ്രൂപ്പിന്റെ നിർമ്മാണത്തിനായി ഗുജറാത്ത് സർക്കാർ വിട്ട് നൽകിയിരിക്കുന്നത്.

30 മാസത്തിനുള്ളിൽ ലുലു മാളിന്റെ നിർമ്മാണ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടെ അയ്യായിരത്തിലധികം ആളുകൾക്ക് പ്രത്യക്ഷമായും പതിനായിരത്തിലേറെ ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രവർത്തനങ്ങൾക്കായി ലുലു ഗ്രൂപ്പ് സംഘം ഉടൻ തന്നെ ഗുജറാത്ത് സന്ദർശിക്കും. പദ്ധതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഗുജറാത്ത് സർക്കാർ ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിസിയുടെ നിയമനത്തിന് ചട്ടം ലംഘിച്ച് കത്ത് നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ ആറു വർഷത്തിനിടെ കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നടന്ന അനധികൃത നിയമനങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എല്ലാ അനധികൃത രാഷ്ട്രീയ-ബന്ധു പിൻവാതിൽ നിയമനങ്ങളും റദ്ദാക്കണം. ചാൻസിലർ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തോളൂ എന്ന് ഗവർണർ പറഞ്ഞാൽ അതിൽ പരം നാണക്കേട് ഈ സർക്കാരിന് വേറെ എന്താണ്. ഒരു സർക്കാരിന് മേൽ ഇതുപോലൊരു അവിശ്വാസം ഗവർണർ രേഖപ്പെടുത്തിയത് കേരള ചരിത്രത്തിലുണ്ടായിട്ടില്ല. ഗവർണർ ഉന്നയിച്ച ആരോപണങ്ങൾക്ക് വസ്തുതാപരമായി മറുപടി പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കാത്തതു കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാത്തത്. ആരോപണങ്ങളുടെ കുന്തമുന മുഖ്യമന്ത്രിയുടെ നേരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവൻ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. സർവ്വകലാശാലാ രംഗത്തെ രാഷ്ട്രീയ-ബന്ധുനിയമനങ്ങൾ അക്കമിട്ടാണ് ഗവർണർ നിരത്തിയത്. അദ്ദേഹത്തിന്റെ പരിഹാസത്തിന് ആയിരം വെടിയുണ്ടയുടെ ശക്തിയുണ്ട്. ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഇതിനകം രാജിവെച്ചേനെ. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് ഗവർണറുടെ കത്തിലെ ഓരോ വരികളും പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിപിഎമ്മിന്റെ സെൽഭരണമാണ് കേരളത്തിൽ നടക്കുന്നത്. രാഷ്ട്രീയക്കാർക്ക് കയറി ഇരിക്കാനുള്ള താവളം മാത്രമാണ് സർവ്വകലാശാലകൾ. എകെജി പഠന ഗവേഷണകേന്ദ്രത്തിന്റെ നിലവാരത്തിലാണ് കേരളത്തിലെ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത്. കേരളത്തിന് പുറത്ത് പോയി പഠിക്കുന്ന വിദ്യാർത്ഥികൾ നല്ല നിലവാരം കാണിക്കുമ്പോൾ കേരളത്തിലെ സ്ഥിതി ദയനീയമാക്കുന്നത് ഇത്തരം രാഷ്ട്രീയ അതിപ്രസരങ്ങളാണ്. നമ്മുടെ നാടിന്റെ ഭരണഘടനാ സംവിധാനങ്ങളെ എങ്ങനെയാണ് സിപിഎം ദുരുപയോഗം ചെയ്യുന്നതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. സർവ്വകലാശാലാ നിയമങ്ങൾ കാറ്റിൽ പറത്തുകയും യുജിസി മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കുകയുമാണ് സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാര തകർച്ചയാണ് ഗവർണർ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് കാരണം മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും ഇടപെടലുകളാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കണ്ണൂർ യുസിയിലെ നിയമനം, നിയമസഭയുടെ തലവനായ സ്പീക്കറുടെ ഭാര്യക്ക് വേണ്ടിയുള്ള കാലടി യുസിയിലെ നിയമനം, മുൻ എംപി പികെ ബിജുവിന്റെ ഭാര്യയുടേയും തലശ്ശേരി എംഎൽഎയുടെ ഭാര്യയുടേയും നിയമനങ്ങളും പരിശോധിക്കണം. യോഗ്യത എന്നത് കേരളത്തിൽ ഒരു പരിഗണനാ വിഷയമല്ലാതായിരിക്കുന്നു. പാർട്ടിയുടെ കത്ത് മാത്രമാണ് ജോലിക്ക് മാനദണ്ഡം. കേരളത്തിൽ ഒരു സർവ്വകലാശാലയിലും കിട്ടാത്ത പുനർ നിയമനമാണ് കണ്ണൂർ വിസിക്ക് നൽകിയത്. ഇത് സർക്കാരിനും പാർട്ടിക്കും ചെയ്തു കൊടുത്ത സേവനത്തിനുള്ള പ്രത്യുപകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ, വൈസ് പ്രസിഡന്റ് പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യു.കെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തുപരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡൽഹിയിലും സാംപിൾ പരിശോധന നടത്തിയാണ് കേരളത്തിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

യുകെയിൽ നിന്നും അബുദാബിയിൽ എത്തിയ യാത്രക്കാരൻ ആറാം തീയതിയാണ് കൊച്ചിയിലെത്തിയത്. ആദ്യം നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നുവെങ്കിലും എട്ടാം തീയതി നടത്തിയ ടെസ്റ്റിൽ പോസിറ്റീവ് ആകുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയേയും അമ്മയേയും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിൾ പരിശോധന ഫലം കാത്തിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഭാര്യ മാതാവ് നിലവിൽ നിരീക്ഷണത്തിലാണ്.

ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ന്യൂഡൽഹി: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഹെലികോപ്ടർ ദുരന്തത്തിൽ മരണമടഞ്ഞ നാലു പേരുടെ ഡി എൻ എ പരിശോധന കൂടി പൂർത്തിയായതോടെയാണ് എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ക്യാപ്ടൻ വരുൺ സിംഗിന്റെ നിലയിൽ മാറ്റമില്ലെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദത്തിൽ ഇടയ്ക്കിടെ വ്യതിയാനമുണ്ടാകുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ബംഗളൂരുവിലെ വ്യോമയാന കമാൻഡ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. അതേസമയം അപകടത്തിൽ മരിച്ച ലാൻസ് നായിക് സായി തേജയുടെ സംസ്‌കാരം ജന്മനാടായ ആന്ധ്രയിലെ ചിറ്റൂർ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിൽ നടന്നു.

ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളിയായ വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചിരുന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

ഹെലികോപ്ടർ അപകടം ഉണ്ടാകാനുള്ള കാരണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹെലികോപ്റ്റർ ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറായേക്കുമെന്നാണ് വിവരം. ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ, കോക്ക്പിറ്റ് റെക്കോർഡർ എന്നിവ പരിശോധിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.

ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്. ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

ചെന്നൈ: പ്രിയതാരം രജനീകാന്തിന്റെ ജന്മദിനാഘോഷങ്ങളുടെ തിരക്കിലാണ് അദ്ദേഹത്തിന്റെ ആരാധകർ. രജനീകാന്തിന്റെ ജന്മദിനമായ ഇന്ന് രജനി ഫാൻ മൻട്രങ്ങൾ വിവിധ സാമൂഹ്യ-സേവ, സന്നദ്ധ പ്രവർത്തനങ്ങൾ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. രജനികാന്തിന്റെ എഴുപത്തിയൊന്നാം പിറന്നാളാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനാംശകൾ നേർന്നത്.

ക്രിയേറ്റീവ് പോസ്റ്ററുകളുടെയും വീഡിയോകളുടെയും രൂപത്തിലാണ് പ്രിയതാരത്തിന് ആരാധകർ ജന്മദിനാശംസകൾ നേർന്നത്. രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചും അദ്ദേഹത്തിന്റെ പഴയ സിനിമകൾ പ്രദർശിപ്പിച്ചുമൊക്കെയും ആരാധകർ ജന്മദിനാഘോഷിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം നിരവധി ക്ഷേമപ്രവർത്തനങ്ങളും ആരാധകർ നടത്തുന്നുണ്ട്.

സിരുത്തൈ ശിവ സംവിധാനം ചെയ്ത അന്നാത്തേയാണ് രജനികാന്ത് അഭിനയിച്ച ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ദീപാവലി ദിനത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. കീർത്തി സുരേഷ്, നയൻതാര, ജഗപതി ബാബു, മീന, ഖുശ്ബു, പ്രകാശ് രാജ് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.

ന്യൂയോർക്ക്: അമേരിക്കയിൽ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്. അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. നൂറിലധികം മരണങ്ങളാണ് ചുഴലിക്കാറ്റിനെ തുടർന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കെന്റക്കിൽ മാത്രം എഴുപതോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അർകൻസസ്, ഇല്ലിനോയിസ്, കെന്റക്കി, ടെന്നസി, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി മുപ്പതിലേറെ തവണ അമേരിക്കയിൽ ചുഴലിക്കാറ്റ് വീശിയടിച്ചു. നിരവധി വീടുകൾ തകരുകയും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. ഇല്ലിനോയിസിലെ ഒരു ആമസോൺ വെയർഹൗസ് പൂർണമായി തകർന്ന് ആറു പേരാണ് മരണപ്പെട്ടത്. മെയ്ഫീൽഡിലെ മെഴുകുതിരി ഫാക്ടറി ചുഴലിക്കാറ്റിനെ തുടർന്ന് തകർന്നു. നിരവധി പേരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം കെന്റക്കിയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ന്യൂഡൽഹി: സർവകലാശാലകളിലെ രാഷ്ട്രീയ നിയമനവുമായി ബന്ധപ്പെട്ടുള്ള ഗവർണറിന്റെ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഗവർണറിന് പിന്തുണ അറിയിച്ചാണ് ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്. ആശങ്കാജനകമായ കാര്യങ്ങളാണ് നടക്കുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിരാശ താൻ പൂർണമായും മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ രാഷ്ട്രപതിയെപ്പോലെ, സർവ്വകലാശാലകളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ഗവർണർക്കും ഒരു പ്രധാന ഉത്തരവാദിത്തമുണ്ട്. ഇങ്ങനെ ഒതുക്കപ്പെടുന്നതിനെ എന്തിനാണ് ഗവർണർ സഹിച്ചുനിൽക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ അതൃപ്തിയുമായി കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്. ഇക്കാര്യം വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. രാഷ്ട്രീയ ഇടപെടൽ തുടർന്നാൽ ചാൻസിലർ പദവി ഒഴിയാൻ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്. പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂർ ഉൾപ്പെടെയുള്ളവർ ഗവർണറിന് പിന്തുണനൽകി രംഗത്തെത്തിയത്.

സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നാണ് ഗവർണറിന്റെ വിമർശനം. സർവകലാശാലകളിൽ ഇത്തരത്തിലുള്ള പ്രവണതകൾ തുടരുന്നത് തെറ്റാണ്. വേണമെങ്കിൽ ചാൻസിലർ പദവിയിൽ നിന്ന് മാറ്റാം, അല്ലെങ്കിൽ സ്ഥാനം ഒഴിഞ്ഞു തരാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ മുന്നോട്ടുപോയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കത്തിൽ അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

arif

തിരുവനന്തപുരം: വിസി നിയമന വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ചാൻസിലറാക്കുക എന്നതിലൂടെ വിഷയത്തിന് പരിഹാരം കാണാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ല എന്ന പരിപൂർണ ഉറപ്പ് ലഭിക്കാതെ തന്റെ നിലപാട് പുനഃപരിശോധിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം.

സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ വേണ്ടിയാണ് ചാൻസിലർ സ്ഥാനം ഒഴിയാമെന്ന് പറഞ്ഞത്. സർക്കാരിന് ആരെ വേണമെങ്കിലും സർവകലാശാലകളിൽ വൈസ് ചാൻസിലറായി നിയമിക്കാം. എന്നാൽ തന്നെ ചാൻസിലറായി മുൻനിർത്തി അത് വേണ്ടെന്ന് അദ്ദേഹം പറയുന്നു. ചാൻസിലർ സ്ഥാനം ഒഴിവാക്കി കൊണ്ട് സർക്കാരിന് ഓർഡിനൻസ് ഇറക്കാം. അതിൽ താൻ ഒപ്പിട്ടു നൽകാമെന്നും ഗവർണർ എന്നത് പേരിന് മാത്രമാണുള്ളതെങ്കിൽ തന്റെ സമയം നഷ്ടപ്പെടുത്താൻ താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭാഷണങ്ങൾ കൊണ്ടൊന്നും കാര്യമില്ല, രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുകയാണ് വേണ്ടത്. സർക്കാർ നിയമിച്ച കലാമണ്ഡലം വിസി തനിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. സർവകലാശാലകളുടെ സ്വയംഭരണാധികാരം തകർക്കാൻ താൻ കൂട്ടുനിൽക്കില്ലെന്നും ഗവർണർ വിശദമാക്കി.

തൊടുപുഴ: സർക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങി പി ജെ ജോസഫ്. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ നിസ്സംഗതക്കെതിരെയാണ് പി.ജെ ജോസഫ് എംഎൽഎ.യും കേരളാ കോൺഗ്രസ്സ് നേതാക്കളും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്താനൊരുങ്ങുന്നത്.

ഡിസംബർ 14 ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം നടത്താനാണ് പി ജെ ജോസഫിന്റെ തീരുമാനം. തൊടുപുഴയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വാർത്താ സമ്മേളനത്തിൽ അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.

മരം മുറി ഉത്തരവിന്റെ പേരിൽ എടുത്ത നടപടി പിൻവലിച്ചത് മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന നിലപാടിന് ഘടക വിരുദ്ധമായ നിലപാടാണെന്നാണ് അദ്ദേഹത്തിന്റെ വിമർശം. ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചതിലൂടെ ഒളിച്ച് കളി പുറത്തു വന്നിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പുതിയ ഡാം നിർമ്മിക്കുന്ന കാര്യത്തിൽ സർക്കാരിന് ഉറച്ച നിലപാടുണ്ടോ എന്നു വ്യക്തമാക്കണമെന്നും മുഖ്യമന്ത്രിക്ക് നിസംഗതയാണെന്നും പി. ജെ ജോസഫ് കൂട്ടിച്ചേർത്തു.