ഒമിക്രോൺ വ്യാപനം; കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.

വിവാഹം, ആഘോഷ പരിപാടികൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനും രാത്രികാല കർഫ്യൂ അടക്കമുള്ള നടപടികൾ കർശനമാക്കണമെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളിൽ ടി.പി.ആർ 10 ശതമാനത്തിനും മുകളിലാണ്. ഏഴു സംസ്ഥാനങ്ങളിലെ 19 ജില്ലകളിൽ ടി.പി.ആർ അഞ്ചിനും പത്തിനും ഇടയിലാണ്.

കേരളത്തിൽ കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ടി.പി.ആർ ഉയർന്നു നിൽക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചത്. അതീവ ജാഗ്രത വേണമെന്നും കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി നിയന്ത്രണം കർശനമാക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.