രാഷ്ട്രീയ ഇടപെടൽ തുടർന്നാൽ ചാൻസിലർ പദവി ഒഴിയാൻ തയ്യാർ; മുഖ്യമന്ത്രിക്ക് കത്ത് നൽകി ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ അതൃപ്തിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. ഇക്കാര്യം വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. രാഷ്ട്രീയ ഇടപെടൽ തുടർന്നാൽ ചാൻസിലർ പദവി ഒഴിയാൻ താൻ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്. പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

കണ്ണൂർ, കാലടി സർവകലാശാലകളിലെ വൈസ് ചാൻസിലർ നിയമനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഇടപെടലുകളെ തുടർന്നാണ് ഗവർണർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. സർവകലാശാലകളിൽ ഇത്തരത്തിലുള്ള പ്രവണതകൾ തുടരുന്നത് തെറ്റാണ്. വേണമെങ്കിൽ ചാൻസിലർ പദവിയിൽ നിന്ന് മാറ്റാം, അല്ലെങ്കിൽ സ്ഥാനം ഒഴിഞ്ഞു തരാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ മുന്നോട്ടുപോയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കത്തിൽ അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കാലടി സർവകലാശാല വിസി നിയമനത്തിൽ സർക്കാർ നടത്തിയ ഇടപെടലാണ് ഗവർണറെ പ്രകോപിപ്പിച്ചത്. സർവകലാശാല വിസിയെ കണ്ടെത്തുന്നതിനായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വികെ രാമചന്ദ്രന്റെ നേതൃത്വത്തിൽ ഒരു സെർച്ച് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരം സെർച്ച് കമ്മിറ്റി രണ്ട് മാസത്തിനകം പട്ടിക നൽകണമെന്നാണ് ചട്ടം. എന്നാൽ രണ്ട് മാസക്കാലത്തിനിടയിൽ ഒരു പേര് പോലും കമ്മിറ്റിക്ക് നിർദേശിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് സർക്കാർ തന്നെ ഒരു പേര് കണ്ടെത്തി ഗവർണർക്ക് അയച്ചു കൊടുക്കുകയായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ഗവർണർ തയ്യാറായിരുന്നില്ല.