രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്ഥാനം കേരളം; ഇതുവരെ മരിച്ചത് 42,579 പേർ

covid

തിരുവനന്തപുരം: കോവിഡ് മരണവുമായി ബന്ധപ്പെട്ടുള്ള നിർണായക കണക്കുകൾ പുറത്ത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്ഥാനമായിരിക്കുകയാണ് കേരളം. 42,579 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചോ അതിനെത്തുടർന്നുള്ള ശാരീരിക അവശതകളെ തുടർന്നോ മരിച്ചതെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് കണക്കുകളിൽ ഉൾപ്പടാതിരുന്ന മരണങ്ങൾ അപ്പീൽ വഴി സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് ഉയർന്നത്. സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ ആരോഗ്യവകുപ്പ് പൂഴ്ത്തിവെക്കുകയോ മരണം കോവിഡ് കണക്കിൽ ഉൾക്കൊള്ളിക്കാതെ ഒഴിവാക്കിയെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളാണ് ഇതോടെ സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നത്.

ആറുമാസങ്ങൾക്ക് മുൻപ് 0.41 ശതമാനമായിരുന്നു സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെയും അതിനെ തുടർന്ന് മരിച്ചവരുടെയും അനുപാതമായ കേസ് ഫാറ്റിലിറ്റി നിരക്ക്. എന്നാൽ നിലവിൽ ഇത് 0.81 ശതമാനമായി ഉയർന്നുവെന്നും കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. 51 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 42579 പേർക്ക് കോവിഡ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു.

സർക്കാർ കണക്കുകളിൽ ഉൾപ്പെടാതിരുന്ന 12826 മരണങ്ങളാണ് പുതുതായി കൂട്ടിച്ചേർത്തിരിക്കുന്നത്. ആശുപത്രികളിൽ നിന്ന് ഒഴിവാക്കിയവർ, ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ ഒഴിവാക്കിയവർ, കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗനിർദ്ദേശ പ്രകാരം ഉൾപ്പെടുത്തിയവർ എന്നിവരെ ചേർത്ത് വിപുലപ്പെടുത്തിയ പട്ടികയിലാണ് ഇത്രത്തോളം മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കൃത്യമായി കോവിഡ് മരണം രേഖപ്പെടുത്തുന്നുണ്ടെന്നും കുറഞ്ഞ മരണനിരക്കാണ് സംസ്ഥാനത്തുള്ളതെന്നുമായിരുന്നു സർക്കാർ ഉന്നയിച്ചിരുന്ന വാദം. എന്നാൽ ഇതെല്ലാം പൊള്ളത്തരമായിരുന്നുവെന്നാണ് ഇപ്പോഴത്തെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.