ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റേയും പത്‌നി മധുലിക റാവത്തിന്റെയും ചിതാഭസ്മം നിമഞ്ജനം ചെയ്തു. മക്കളായ കൃതിക, തരിണി എന്നിവർ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തിയാണ് ചിതാഭസ്മം നിമഞ്ജനം ചെയ്തത്. ഹരിദ്വാറിലെത്തി മതാചാരപ്രകാരം ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഇരുവരും മടങ്ങി. അതേസമയം അപകടം നടന്ന ഹെലികോപ്റ്ററിന്റെ പൈലറ്റ് വിംഗ് കമാൻഡർ പൃഥ്വി സിംഗ് ചൗഹാന്റെ മൃതദ്ദേഹം ജന്മനാടായ ആഗ്രയിലും അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫീസർ പ്രദീപ് അറയ്ക്കല്ലിന്റെ മൃതദേഹം തൃശ്ശൂരിലെ വീട്ടിലും സംസ്‌കരിച്ചു. ബിപിൻ റാവത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ ലാൻസ് നായിക് സായ് തേജയുടെ മൃതദേഹം ബംഗളൂരുവിൽ എത്തിച്ചു. ഞായറാഴ്ച്ച പുലർച്ചയോടെ അദ്ദേഹത്തിന്റെ മൃതദേഹം സ്വദേശമായ ആന്ധ്രയിലെ ചിറ്റൂരിലേക്ക് കൊണ്ടുപോകും.
അപകടത്തിൽ മരണപ്പെട്ടവരിൽ ഇനി അഞ്ചു പേരെ കൂടിയാണ് തിരിച്ചറിയാനുള്ളത്. ഹെലികോപ്ടർ അപകടം ഉണ്ടാകാനുള്ള കാരണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹെലികോപ്റ്റർ ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറായേക്കുമെന്നാണ് വിവരം. ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡർ, കോക്ക്പിറ്റ് റെക്കോർഡർ എന്നിവ പരിശോധിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.
ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്. ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

