General (Page 1,294)

ലണ്ടൻ: കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്തു. യുകെയിലാണ് ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം അറിയിച്ചത്. സങ്കടകരമായ വാർത്തയാണിതെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതനായിരുന്ന വ്യക്തിയ്ക്ക് മറ്റ് ചില ആരോഗ്യ പ്രശനങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഒമിക്രോൺ കരുതുന്നത് പോലെ നിസ്സാരമല്ലെന്നാണ് ബോറിസ് ജോൺസൺ നൽകുന്ന മുന്നറിയിപ്പ്. ഒമിക്രോൺ വകഭേദത്തിന്റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും എത്രയും വേഗം കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്നാണ് അദ്ദേഹം ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഡിസംബർ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനാണ് ബ്രിട്ടൺ പദ്ധതിയിടുന്നത്.. ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം വിശദമാക്കി.

മുംബൈ: ഡിസംബർ 14 മുതൽ അമേരിക്കൻ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷൻ നിരക്ക് വർധിക്കും. പുതുതായി ആമസോൺ പ്രൈം സബ്‌സ്‌ക്രൈബ് ചെയ്യാനോ അല്ലെങ്കിൽ നിലവിലുള്ള പ്ലാൻ പുതുക്കാനോ സമയമായെങ്കിൽ 13 ന് അർദ്ധരാത്രിക്ക് മുൻപായി അത് ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്. ഡിസംബർ 13ന് ശേഷം വാർഷിക ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷന്റെ വില 1499 രൂപയായി ഉയരും. നിലവിൽ 999 രൂപയാണ് വാർഷിക പ്രൈം സബ്‌സ്‌ക്രിപ്ഷൻ നിരക്ക്.

നിലവിൽ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷൻ ഉള്ളവർ 999 രൂപയ്ക്ക് റീചാർജ് ചെയ്താൽ നിലവിലെ സബ്‌സ്‌ക്രിപ്ഷൻ കാലാവധി കഴിയുമ്പോൾ പുതിയ ഒരു വർഷത്തേക്കുള്ള സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കും. എന്നാൽ ഡിസംബർ 13 ന് ശേഷം ഇതേ റീചാർജ് ചെയ്യുമ്പോൾ 1499 രൂപ നൽകണം. നിലവിൽ 329 രൂപ വിലയുള്ള മൂന്ന് മാസത്തെ പ്ലാനിന് ഡിസംബർ 13 ന് ശേഷം 459 രൂപ നൽകേണ്ടി വരും. 129 രൂപ വിലയുള്ള ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷൻ പ്ലാനിന് ഈ മാസം 14 മുതൽ 179 രൂപയാകും.

ന്യൂഡൽഹി: കേരളത്തിന്റെ ആവശ്യം തള്ളി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. സഹകരണ സൊസൈറ്റികൾക്ക് ബാങ്ക് എന്ന് ഉപയോഗിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന നോട്ടീസ് പിൻവലിക്കാൻ കഴിയില്ലെന്ന് ആർബിഐ അറിയിച്ചതായി ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്‌സഭയെ അറിയിച്ചു. പൊതുജനങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ടത് ആർ.ബി.ഐയുടെ ഉത്തരവാദിത്തമാണെന്നന്നും അംഗീകാരമില്ലാത്ത സൊസൈറ്റികളെ സംബന്ധിച്ചാണ് മുന്നറിയിപ്പ് നൽകിയിരുന്നതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

പ്രാഥമിക സഹകരണ ബാങ്കുകൾ ‘ബാങ്ക്’ എന്ന് പേരിനൊപ്പം ചേർക്കാൻ പാടില്ലെന്നും വോട്ടവകാശമുള്ള അംഗങ്ങളിൽ നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാൻ പാടില്ലെന്നുമുള്ള നിബന്ധനകളാണ് ആർബിഐ മുന്നോട്ട് വെച്ചിരിക്കുന്നത്. 2020 സെപ്റ്റംബർ 29-നാണ് ഈ ഉത്തരവ് നിലവിൽ വന്നത് എന്നാൽ കേരളത്തിൽ ഇത് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ആർബിഐ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ആർബിഐ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആർബിഐ ശ്രമിക്കുന്നതെന്നായിരുന്നു കേരളത്തിന്റെ ആരോപണം.

റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്നും ആർബിഐ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിലപാട് വ്യക്തമാക്കി സിപിഐ. ഗവർണർ പദവി അനാവശ്യ ആഡംബരമെന്നതാണ് സിപിഐ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിയമസഭാ പാസാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർക്ക് ചാൻസലർ പദവി നൽകിയത്. സ്ഥാനം ഭരണഘടനാ പദവി അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവർണർക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. മാദ്ധ്യമശ്രദ്ധ നേടാനാണ് ഗവർണർ ശ്രമിക്കുന്നത്. രഹസ്യമാക്കേണ്ട കത്തിടപാടുകൾ ഗവർണർ പരസ്യമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആശയവിനിമയങ്ങളിലെ മാന്യത ഗവർണർ ലംഘിച്ചു. ഗവർണർ ബാഹ്യസമ്മർദത്തിന് വഴങ്ങിയെന്ന് പറയില്ലെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: രശ്മിതാ രാമചന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഹെലികോപ്ടർ അപകട മരണത്തിന് പിന്നാലെ അദ്ദേഹത്തെ അവഹേളിച്ചതിന് ഗവൺമെന്റ് പ്ലീഡർ രശ്മിത രാമചന്ദ്രനെതിരെ സ്വഭാവിക നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും ഉൾപ്പെടെ നിരവധി പരാതികളാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. രശ്മിതയ്‌ക്കെതിരെ ബിജെപിയും വിമുക്ത ഭടൻമാരും അഡ്വക്കേറ്റ് ജനറലിന് പരാതി നൽകുകയും ചെയ്തിരുന്നു.

മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകം ഉൾപ്പെടുത്തി പങ്കുവെച്ച കുറിപ്പിൽ ബിപിൻ റാവത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് രശ്മിത രാമചന്ദ്രൻ ഉന്നയിച്ചിരുന്നത്. ഇന്ത്യൻ സേനകളുടെ പരമോന്നത കമാൻഡർ രാഷ്ട്രപതിയാണെന്ന സങ്കൽപം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും രശ്മിത ആരോപിച്ചിരുന്നു. കശ്മീരി പൗരനെ ജീപ്പിൻ മുന്നിൽ കെട്ടിയ ഉദ്യോഗസ്ഥൻ മേജർ ലിതുൽ ഗൊഗോയിക്ക് കമൻഡേഷൻ കാർഡ് സമ്മാനിച്ചത് റാവത്താണെന്നും രശ്മിത കുറ്റപ്പെടുത്തിയിരുന്നു.

സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയിൽ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിരുന്നുവെന്നും സൈനികർ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞിരുന്നതായും രശ്മിത ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. വിലക്കയറ്റം മൂലം ജനം നടുത്തെരുവിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത് അധികാരത്തിന്റെ സുഖശീതളിമയിൽ അഭിരമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പച്ചക്കറിയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. തക്കാളി, വെള്ളരി, മുരിങ്ങ, പയർ, ബീൻസ് അടക്കമുള്ളവയ്ക്ക് കിലോയ്ക്ക് നൂറ് രൂപയ്ക്കു മുകളിലാണ് വില. സപ്ലൈകോ സാധനങ്ങൾക്ക് വില കൂട്ടി കൊള്ള നടത്തുകയാണ്. സംഭവം വിവാദമായപ്പോൾ നേരിയ ഇളവ് പ്രഖ്യാപിച്ച് ഭക്ഷ്യമന്ത്രി തടിതപ്പി. ബസ്-വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കാൻ സർക്കാർ ശ്രമം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയ സപ്ലൈകോയുടെ നടപടി പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പൊതുവിപണിയിലുണ്ടായ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനത്തെയാണ് സപ്ലൈകോയും കൊള്ളയടിക്കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആനുപാതികമായ വർധനവ് മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന ന്യായമാണ് സർക്കാർ ഉന്നയിക്കുന്നത്. വിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിർത്താൻ ബാധ്യതയുള്ള സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തുപുരം: പിജി ഡോക്ടർമാർക്ക് പിന്നാലെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജന്മാരും സമരത്തിൽ. ഇതോടെ ആശുപത്രികളിലെ പ്രവർത്തനങ്ങൾ താറുമാറായിരിക്കുകയാണ്. അത്യാവശ്യ ചികിത്സകൾ മുടങ്ങുകയും ശസ്ത്രക്രിയകൾ മാറ്റിവെയ്‌ക്കേണ്ടി വരികയും ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. രാവിലെ എട്ടുമുതൽ 24 മണിക്കൂർ നേരത്തേക്കാണ് ഹൗസ് സർജന്മാർ സമരം പ്രഖ്യാപിച്ചത്.

ഹൗസ് സർജന്മാരുമായി ചർച്ച നടത്താനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. എന്നാൽ പിജി ഡോക്ടർമാരുമായി ചർച്ച നടത്തേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. നാല് ദിവസമായി പി ജി ഡോക്ടർമാർ സമരത്തിലാണ്. കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക, സ്റ്റൈപൻഡ് പരിഷ്‌കരണം തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പിജി ഡോക്ടർമാർ സമരം നടത്തുന്നത്. ഈ ആവശ്യങ്ങൾ അംഗീകരിച്ചതാണെന്നും പിജി ഡോക്ടർമാരുമായി ചർച്ചയ്ക്കില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.

ചികിത്സ നൽകാതെ രോഗികളെ മടക്കി അയക്കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് പല മെഡിക്കൽ കോളേജുകളും. പകുതിയിൽ താഴെ ഡോക്ടർമാർ മാത്രമാണ് ഇപ്പോൾ മെഡിക്കൽ കോളേജുകളിലുള്ളത്. ഈ സാഹചര്യത്തിലാണ് ഹൗസ് സർജന്മാരെ മാത്രം സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി. കണ്ണൂർ ജില്ല സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച നടന്ന പൊതു സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വഖഫ് ബോർഡ് വിഷയത്തിൽ മുസ്ലീംലീഗ് എന്തിനാണ് ഹൈസ്‌കൂൾ കാലത്ത് മരണപ്പെട്ട തന്റെ അച്ഛനെ പറയുന്ന സ്ഥിതിയുണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം എന്ത് തെറ്റാണ് ലീഗിനോട് ചെയ്തത്. അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്, ആ ചെത്തുകാരന്റെ മകനായ വിജയൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെത്തുകാരന്റെ മകനാണെന്ന് കേട്ടാൽ പിണറായി വിജയൻ എന്ന തനിക്ക് വല്ലാത്തൊരു വിഷമമാകും എന്നാണോ ചിന്തയെന്നും അദ്ദേഹം ചോദിക്കുന്നു. ഓരോരുത്തരും അവരവരുടെ സാംസ്‌കാരത്തിന് അനുസരിച്ചാണ് കാര്യങ്ങൾ പറയുക. മുസ്ലീംലീഗ് നേതാക്കൾ ആദ്യം അമ്മയേയും പെങ്ങളേയും തിരിച്ചറിയണം. നിങ്ങളുടെ ഈ വിരട്ടൽ കൊണ്ട് കാര്യങ്ങൾ നേടി കളയാം എന്ന ധാരണ വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിങ്ങൾ ആരെ തോണ്ടാനാണ് ഇതു ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി കോഴിക്കോട് റാലിയിൽ അഭിപ്രായപ്പെട്ടത്. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണ്. അത് പറയാനുള്ള നട്ടെല്ലുണ്ടാകണം. സ്വവർഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളെന്നും അദ്ദേഹം പരാമർശിച്ചിരുന്നു.

അതേസമയം മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് റാലിക്കിടെ മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലുളള പരാമർശം നടത്തിയതിന് മുസ്ലീം ലീഗ് ഖേദം പ്രകടിപ്പിച്ചിരുന്നു.

ന്യൂഡൽഹി: കുറ്റക്കാരായ സൈനികർക്ക് എതിരെ നടപടി എടുക്കാതെ സഹായധനം സ്വീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നാഗാലാൻഡ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബം. സർക്കാർ പ്രഖ്യാപിച്ച സഹായ ധനം സ്വീകരിക്കില്ലെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ തീരുമാനം. അഫ്‌സ്പാ നിയമം റദ്ദാക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്. 12 ഗ്രാമീണരാണ് നാഗാലാൻഡിൽ സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് വെടിവെയ്പ്പുണ്ടായത്.

വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമീണർക്കു നേരെ സുരക്ഷാ സേന വെടിവെച്ചത്. ജോലി കഴിഞ്ഞ് ഒരു ട്രക്കിൽ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികൾക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.

തൊഴിലാളികളോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താത്തതിനെ തുടർന്നാണ് സൈന്യം വെടിയുതിർത്തതെന്നായിരുന്നു കേന്ദ്രമന്ത്രിമാരുടെ ഭാഗത്ത് നിന്നും ഉണ്ടായ വിശദീകരണം. അതേസമയം തൊഴിലാളികൾ സഞ്ചരിച്ച വാഹനം നിർത്താൻ സുരക്ഷാസേന ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് തൊഴിലാളികളിലൊരാളായ സെയ് വാങ്ങ് സോഫ്റ്റ്‌ലിയുടെ പ്രതികരണം. പ്രകോപനം ഒന്നുമില്ലാതെയായിരുന്നു സുരക്ഷാ സേനയുടെ നടപടിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ജനീവ: കോവിഡ് വ്യാപനത്തിന്റെ ജനിതക വകഭേദമായ ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഒമിക്രോൺ എത്രത്തോളം അപകടകാരിയാണെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഒമിക്രോണിന് ഡെൽറ്റയേക്കാൾ വ്യാപനശേഷിയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോൺ വാക്സിന്റെ കാര്യക്ഷമതയെ കുറയ്ക്കുമെന്നും എന്നാൽ, ഡെൽറ്റയേക്കാൾ കുറഞ്ഞ തീവ്രതയുള്ള രോഗ ലക്ഷണങ്ങളേയുള്ളുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

മുൻപ് ലഭിച്ചിരുന്ന തെളിവുകൾ പ്രകാരമാണ് രോഗബാധയ്ക്കും വ്യാപനത്തിനും എതിരെ വാക്സിന്റെ കാര്യക്ഷമത ഒമിക്രോൺ കുറയ്ക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സമൂഹ വ്യാപനം ഉണ്ടാകുന്ന ഇടങ്ങളിൽ ഡെൽറ്റയെ അപേക്ഷിച്ച് ഓമിക്രോണിന് കൂടുതൽ വ്യാപനന സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്സിൻ നിർമ്മാതാക്കളായ ഫൈസറും, ബയോഎൻടെക്കും ഒമിക്രോണിന് എതിരെ അവരുടെ മൂന്ന് ഡോസുകൾ ഫലപ്രദമാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.

അതേസമയം ഇന്ത്യയിലും ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 38 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. കേരളത്തിലും ഒമിക്രോൺ രോഗബാധ റിപ്പോർട്ട് ചെയ്തു. യു.കെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. തിരുവനന്തുപരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ദില്ലിയിലും സാംപിൾ പരിശോധന നടത്തിയാണ് കേരളത്തിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിൽ നിന്നും അബുദാബിയിൽ എത്തിയ യാത്രക്കാരൻ ആറാം തീയതിയാണ്.