കുറ്റക്കാരായ സൈനികർക്ക് എതിരെ നടപടി എടുക്കാതെ സഹായധനം സ്വീകരിക്കില്ല; നിലപാടിൽ ഉറച്ച് നാഗാലാൻഡ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബം

ന്യൂഡൽഹി: കുറ്റക്കാരായ സൈനികർക്ക് എതിരെ നടപടി എടുക്കാതെ സഹായധനം സ്വീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നാഗാലാൻഡ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബം. സർക്കാർ പ്രഖ്യാപിച്ച സഹായ ധനം സ്വീകരിക്കില്ലെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ തീരുമാനം. അഫ്‌സ്പാ നിയമം റദ്ദാക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്. 12 ഗ്രാമീണരാണ് നാഗാലാൻഡിൽ സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് വെടിവെയ്പ്പുണ്ടായത്.

വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമീണർക്കു നേരെ സുരക്ഷാ സേന വെടിവെച്ചത്. ജോലി കഴിഞ്ഞ് ഒരു ട്രക്കിൽ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികൾക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.

തൊഴിലാളികളോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താത്തതിനെ തുടർന്നാണ് സൈന്യം വെടിയുതിർത്തതെന്നായിരുന്നു കേന്ദ്രമന്ത്രിമാരുടെ ഭാഗത്ത് നിന്നും ഉണ്ടായ വിശദീകരണം. അതേസമയം തൊഴിലാളികൾ സഞ്ചരിച്ച വാഹനം നിർത്താൻ സുരക്ഷാസേന ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് തൊഴിലാളികളിലൊരാളായ സെയ് വാങ്ങ് സോഫ്റ്റ്‌ലിയുടെ പ്രതികരണം. പ്രകോപനം ഒന്നുമില്ലാതെയായിരുന്നു സുരക്ഷാ സേനയുടെ നടപടിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.