അധികാരത്തിന്റെ സുഖശീതളിമയിൽ അഭിരമിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. വിലക്കയറ്റം മൂലം ജനം നടുത്തെരുവിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത് അധികാരത്തിന്റെ സുഖശീതളിമയിൽ അഭിരമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പച്ചക്കറിയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. തക്കാളി, വെള്ളരി, മുരിങ്ങ, പയർ, ബീൻസ് അടക്കമുള്ളവയ്ക്ക് കിലോയ്ക്ക് നൂറ് രൂപയ്ക്കു മുകളിലാണ് വില. സപ്ലൈകോ സാധനങ്ങൾക്ക് വില കൂട്ടി കൊള്ള നടത്തുകയാണ്. സംഭവം വിവാദമായപ്പോൾ നേരിയ ഇളവ് പ്രഖ്യാപിച്ച് ഭക്ഷ്യമന്ത്രി തടിതപ്പി. ബസ്-വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കാൻ സർക്കാർ ശ്രമം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയ സപ്ലൈകോയുടെ നടപടി പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പൊതുവിപണിയിലുണ്ടായ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനത്തെയാണ് സപ്ലൈകോയും കൊള്ളയടിക്കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആനുപാതികമായ വർധനവ് മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന ന്യായമാണ് സർക്കാർ ഉന്നയിക്കുന്നത്. വിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിർത്താൻ ബാധ്യതയുള്ള സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.