ന്യൂഡൽഹി: കേരളത്തിന്റെ ആവശ്യം തള്ളി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. സഹകരണ സൊസൈറ്റികൾക്ക് ബാങ്ക് എന്ന് ഉപയോഗിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന നോട്ടീസ് പിൻവലിക്കാൻ കഴിയില്ലെന്ന് ആർബിഐ അറിയിച്ചതായി ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്‌സഭയെ അറിയിച്ചു. പൊതുജനങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ടത് ആർ.ബി.ഐയുടെ ഉത്തരവാദിത്തമാണെന്നന്നും അംഗീകാരമില്ലാത്ത സൊസൈറ്റികളെ സംബന്ധിച്ചാണ് മുന്നറിയിപ്പ് നൽകിയിരുന്നതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
പ്രാഥമിക സഹകരണ ബാങ്കുകൾ ‘ബാങ്ക്’ എന്ന് പേരിനൊപ്പം ചേർക്കാൻ പാടില്ലെന്നും വോട്ടവകാശമുള്ള അംഗങ്ങളിൽ നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാൻ പാടില്ലെന്നുമുള്ള നിബന്ധനകളാണ് ആർബിഐ മുന്നോട്ട് വെച്ചിരിക്കുന്നത്. 2020 സെപ്റ്റംബർ 29-നാണ് ഈ ഉത്തരവ് നിലവിൽ വന്നത് എന്നാൽ കേരളത്തിൽ ഇത് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ആർബിഐ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ആർബിഐ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആർബിഐ ശ്രമിക്കുന്നതെന്നായിരുന്നു കേരളത്തിന്റെ ആരോപണം.
റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്നും ആർബിഐ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

