ഗവർണർ തന്നെ ചാൻസലറായി ഇരിക്കണമെന്ന് ആർക്കാണ് നിർബന്ധമുള്ളത്; പോകുന്നുവെങ്കിൽ പോകട്ടെയെന്ന് എസ്എഫ്ഐ

ന്യൂഡൽഹി: സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്രതികരണവുമായി എസ്എഫ്ഐ. സർവകലാശാലകളിലെ ചാൻസലർ പദവി ഗവർണർ ഒഴിയുന്നുവെങ്കിൽ ഒഴിയട്ടെയെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി.

ഗവർണർ തന്നെ ചാൻസലറായി ഇരിക്കണമെന്ന് ആർക്കാണ് നിർബന്ധമുള്ളതെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ചോദിച്ചു. ചാൻസലർ പദവി ഗവർണറിൽ നിന്ന് മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.’അയ്യോ, അച്ഛാ പോകല്ലേ’ എന്ന് ഗവർണറോട് പറയേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ചാൻസലർ പദവി ഒഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം ചാൻസലറായി ഇരിക്കണമെന്ന് ആർക്കാണ് നിർബന്ധമുള്ളത്. അദ്ദേഹം അല്ലെങ്കിൽ മറ്റൊരാൾ. അത് മുഖ്യമന്ത്രിയോ അല്ലെങ്കിൽ മറ്റൊരെങ്കിലുമോ എന്ന് നിയമസഭ തീരുമാനിക്കട്ടെ. ഗവർണർ തന്നെയായിരിക്കണം സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളുടെ എല്ലാം ചാൻസലർ എന്ന് ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതൊന്നുമല്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.

അത്തരത്തിലൊരു നിർദേശം എവിടെയുമില്ല. അതുകൊണ്ട് അദ്ദേഹം പോകുന്നുവെങ്കിൽ പോകട്ടെ. ഇത്തരത്തിൽ നിരന്തരമായി വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സംസ്ഥാന സർക്കാരിനെ അടിക്കാനുള്ള വടിയായി, ബിജെപിയുടേയും കോൺഗ്രസിന്റെയും കളിപ്പാവയായി ഗവർണർ മാറരുതെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.