ബിപിൻ റാവത്തിന്റെ പേര് ഗ്രാമത്തിന് നൽകണം; ആവശ്യവുമായി നഞ്ചപ്പസത്രം ഗ്രാമവാസികൾ

ചെന്നൈ: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം ഉണ്ടായ സ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്നാവശ്യം. നഞ്ചപ്പസത്രം ഗ്രാമവാസികളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നഞ്ചപ്പസത്രം ഗ്രാമവാസികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കത്ത് കൈമാറി. നഞ്ചപ്പസത്രത്തിന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്ന ആവശ്യവും ഇവർ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

ഹെലികോപ്റ്റർ അപകടമുണ്ടായ സമയം നഞ്ചപ്പസത്രത്തിലെ ഗ്രാമവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിനായി മുന്നോട്ടു വന്നത്. ഹെലികോപ്റ്ററിലെ തീ അണയ്ക്കാനും അപകടത്തിൽ പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാനുമെല്ലാം നഞ്ചപ്പസത്രത്തിലെ ഗ്രാമവാസികൾ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ഹെലികോപ്ടറിൽ ഉണ്ടായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ജീവൻ രക്ഷിക്കാൻ കാരണക്കാരായതും ഇവർ തന്നെയാണ്.

അതേസമയം ഹെലികോപ്റ്റർ അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയ നാട്ടുകാർക്ക് വ്യോമസേന നന്ദി അറിയിച്ചു. നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായും വ്യോമസേന പ്രഖ്യാപിച്ചിരുന്നു. ഗ്രാമത്തിലുള്ളവർക്ക് സൗജന്യ ആരോഗ്യ പരിശോധന നടത്താനായി എല്ലാ മാസവും ഡോക്ടറേയും നഴ്സുമാരേയും മേഖലയിലേക്ക് അയക്കുമെന്ന് വ്യോമസേന ഉറപ്പു നൽകിയിട്ടുണ്ട്. വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ നഞ്ചപ്പസത്രം ഗ്രാമവാസികൾക്കും ചികിത്സ നടത്താം. ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ഓഫീസർ ലഫ്.ജനറൽ എ.അരുൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാമത്തിലുള്ളവർക്ക് ഒട്ടേറെ സമ്മാനങ്ങളും വ്യോമസേന നൽകി. പുതപ്പുകൾ, സോളാർ എമർജൻസി ലൈറ്റുകൾ, റേഷൻ എന്നിവയെല്ലാം ഗ്രാമവാസികൾക്ക് സൈന്യം നൽകി. അപകടവിവരം പുറംലോകത്തെ ആദ്യം അറിയിച്ച രണ്ട് പേർക്ക് 5000 രൂപ വീതം പാരിതോഷികവും നൽകി.