കൊച്ചി: എൻഎസ്എസിന് തിരിച്ചടി. മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിൾ സർവേയ്ക്ക് സ്റ്റേയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എ വി രാമകൃഷ്ണപിള്ള കമ്മിഷൻ ശുപാർശയിൽ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം. ജനുവരി 31 ന് മുൻപ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. സാമ്പിൾ സർവേയ്ക്കെതിരായ എൻഎസ്എസിന്റെ ഹർജി ജനുവരി 31 ന് വീണ്ടും കോടതി പരിഗണിക്കും. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ സമഗ്ര സർവേ നടത്തുന്നതിൽ സ്‌റ്റേ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് എൻഎസ്എസ് ഹർജി ഹർജി സമർപ്പിച്ചത്.
നിലവിൽ നടക്കുന്ന സാമ്പിൾ സർവേ ആർക്കോ വേണ്ടിയുള്ള പ്രഹസനമാണെന്നാണ് എൻഎസ്എസ് പറയുന്നത്. ഭാവിയിൽ ആധികാരിക രേഖയായി മാറേണ്ടതാണ് സർവേ. അതിനാൽ തന്നെ സംവിധാനത്തിലും മാതൃകയിലും യോഗ്യരായ ഉദ്യോഗസ്ഥരെക്കൊണ്ട് വിവര ശേഖരണം നടത്തണമെന്നും എൻഎസ്എസ് ആവശ്യപ്പെടുന്നു. എൻഎസ്എസിന്റെ ആവശ്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന കമ്മിഷന്റെ കണ്ടെത്തൽ അപലപനീയമാണെന്നും കമ്മിഷൻ നിലപാട് പുനഃപരിശോധിച്ച് സെൻസസ് എടുക്കുന്ന രീതിയിൽ സർവേ പൂർത്തിയാക്കണമെന്നും എൻഎസ്എസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് പത്ത് ശതമാനം സംവരണമാണ് ഏർപ്പെടുത്തുന്നത്. 164 മുന്നാക്കസമുദായങ്ങളാണ് സംസ്ഥാനത്തുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുന്നാക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കമുള്ളവർക്ക് സംവരണത്തിനുള്ള വാർഷിക വരുമാന പരിധി നാല് ലക്ഷമായാണ് നിശ്ചയിച്ചിരിക്കുന്നത്.

