ന്യൂഡൽഹി: ഡ്രോൺ ഡെലിവറി സർവീസ് ആരംഭിക്കാനൊരുങ്ങി രാജ്യത്തെ മുൻനിര വ്യോമയാന കമ്പനിയായ സ്പൈസ് ജെറ്റ്. സ്പൈസ് ജെറ്റ് ചെയർമാനും എംഡിയുമായ അജയ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. സ്പൈസ് എക്സ്പ്രസ് എന്ന പേരിലാണ് ഡ്രോൺ ഡെലിവറി സർവ്വീസ് ആരംഭിക്കുന്നത്. 0-5 കിലോഗ്രാം, 5-10 കിലോഗ്രാം, 10-25 കിലോ ഗ്രാം എന്നിങ്ങനെ വിവിധ ഭാര വിഭാഗങ്ങളെ വഹിക്കാൻ കഴിയുന്ന ഡ്രോണുകൾ ഈ പദ്ധതിയിലൂടെ വിതരണം ചെയ്യും. ഡ്രോണുകൾ ഉപയോഗിച്ച് തീർത്തും നൂതനമായ ഒരു വിതരണ ശൃംഖലയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ വിശദമാക്കി.
ഒരു സാധനം ഷിപ്പിംഗ് ചെയ്ത് ഉപയോക്താവിൽ എത്തുന്നതിന് മുൻപ് ലോജസ്റ്റിംക്ക് കമ്പനികൾക്ക് സാധാനങ്ങൾ തമ്മിൽ കൈമാറാനും, അവ വെയർഹൌസുകൾക്കിടയിൽ ഡെലിവറി ചെയ്യാനും ഉള്ള സംവിധാനമാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഒരുക്കുക. രണ്ടാംഘട്ടത്തിലായിരിക്കും ഉപയോക്താക്കളിലേക്ക് ഒരു വസ്തു നേരിട്ട് എത്തിക്കുന്ന സംവിധാനം ഒരുക്കുന്നത്. വിദൂര സ്ഥലങ്ങളിലേക്ക് വാക്സിൻ എത്തിക്കാനും, ജീവൻ രക്ഷ ഉപകരണങ്ങൾ എത്തിക്കാനും ഡ്രോൺ ഉപയോഗിച്ച് എത്തിക്കാനുള്ള സംവിധാനവും സ്പൈസ് എക്സ്പ്രസ് ഒരുക്കുന്നതാണ്.
ആദ്യഘട്ടത്തിൽ രാജ്യത്തെ പത്ത് ജില്ലകളിലായി 150 സ്ഥലങ്ങളിൽ 25,000 ഡ്രോൺ ഡെലിവറികളായിരിക്കും നടത്തുന്നത്.

