തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമനത്തിന് ശുപാർശ ചെയ്തത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കണ്ണൂർ സർവകലാശാലയിലെ അക്കാദമിക് മികവ് മുന്നോട്ട് കൊണ്ട് പോകാൻ പുനർ നിയമനം വേണമെന്നും ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നുവെന്നും വ്യക്തമാക്കി മന്ത്രി ഗവർണർക്ക് നൽകിയ കത്ത് പുറത്തു വന്നു. ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നത് സെർച്ച് കമ്മിറ്റി ഇല്ലാത്തതിനാലാണെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്.
ഗോപിനാഥ് രവീന്ദ്രന്റെ കാലത്ത് കണ്ണൂർ സർവകലാശാല വലിയ മികവാണ് പുലർത്തിയത്. അതിനാൽ വി.സിയെ പുനർ നിയമിക്കണമെന്നും ബിന്ദും കത്തിൽ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വിമർശനം ശക്തമാകുന്നതിനിടയിലാണ് മന്ത്രി ഗവർണറിന് നൽകിയ കത്ത് പുറത്തു വന്നിരിക്കുന്നത്.
കണ്ണൂർ വിസി പുനർ നിയമനത്തിന് ഗവർണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്നായിരുന്നു പ്രതിപക്ഷം ആദ്യം മുതൽ തന്നെ ആരോപിച്ചിരുന്നത്. എന്നാൽ വിഷയത്തിൽ പ്രതികരണം നടത്താൻ മന്ത്രി തയ്യാറായിരുന്നില്ല. ഇതിനിടെ കത്ത് പുറത്തു വന്നിരിക്കുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

