ഉപഭോക്താക്കളെ പിടിച്ചു നിർത്താൻ പുതിയ തന്ത്രവുമായി നെറ്റ്ഫ്‌ളിക്‌സ്; നിരക്കുകൾ കുത്തനെ കുറച്ചു

ന്യൂഡൽഹി: ഇന്ത്യയിലെ നിരക്കുകൾ കുത്തനെ കുറച്ച് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. 199 രൂപയുടെ ‘നെറ്റ്ഫ്‌ളിക്‌സ് മൊബൈൽ’ പ്ലാന്റെ നിരക്ക് 25 ശതമാനമാണ് കുറച്ചിരിക്കുന്നത്. 149 രൂപയാണ് പ്ലാനിന് ഇനി ഈടാക്കുന്ന നിരക്ക്.

നെറ്റ്ഫ്‌ളിക്സ് ബേസിക് പ്ലാനിൽ 60 ശതമാനം കുറവാണ് ഉണ്ടാിരിക്കുന്നത്. വെറും 199 രൂപയ്ക്ക് ഇനിമുതൽ ഈ പ്ലാൻ ലഭ്യമാകും. 649 രൂപയുടെ നെറ്റ്ഫ്‌ളിക്‌സ് സ്റ്റാൻഡേർഡിന് ഇനി നിരക്ക് 499 രൂപയായിരിക്കും. ഒരേസമയം രണ്ട് പേർക്ക് ഉപയോഗിക്കാമെന്നതാണ് ഈ അക്കൗണ്ടിന്റെ സവിശേഷത.

799 രൂപയുടെ നെറ്റ്ഫ്‌ളിക്‌സ് പ്രീമിയം 649 രൂപയാക്കി കുറച്ചു. ഒരേസമയം 4 പേർക്ക് ഈ അക്കൗണ്ട് ഉപയോഗിക്കാം. ആമസോൺ ഉൾപ്പെടെ മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരക്ക് വലിയ രീതിയിൽ ഉയർത്തിയപ്പോഴാണ് നെറ്റ്ഫ്‌ളിക്‌സ് നിരക്ക് കുറക്കുന്നത്.

നിലവിൽ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുള്ളവർക്ക് പുതിയ പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാം. അടുത്ത തവണ ലോഗിൻ ചെയ്യുമ്പോൾ വരിക്കാർക്ക് പുതിയ നിരക്കുകളുടെ മാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് ലഭിക്കുന്നതാണ്. നിലവിലെ പ്ലാൻ അപ്ഗ്രേഡ് ചെയ്യുകയോ അല്ലെങ്കിൽ മറ്റൊരു പ്ലാൻ തിരഞ്ഞെടുക്കുകയോ ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.