ന്യൂഡൽഹി: ആമസോൺ ഇന്ത്യ ഉന്നതർക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കിഷോർ ബിയാനിയുടെ ഫ്യൂച്വർ ഗ്രൂപ്പുമായി 2019 ൽ ഉണ്ടാക്കിയ ഡീലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്സ്മെന്റിന്റെ നടപടി. ഡിസംബർ 15 നും 17 നും ഹാജരാകണമെന്നാവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ആമസോൺ ഇന്ത്യയിലെ ഉന്നതർക്ക് നോട്ടീസ് അയച്ചത്.
അമിത് അഗർവാളാണ് ആമസോൺ ഇന്ത്യ കൺട്രി ഹെഡ്. നിലവിൽ അദ്ദേഹം അമേരിക്കയിലാണ്. അതുകൊണ്ട് മറ്റ് മുതിർന്ന ഉദ്യോഗസ്ഥരാകും അമിതിന് പകരം എൻഫോഴ്സ്മെന്റിന്മുന്നിൽ ഹാജരാകുന്നത്.
അതേസമയം അടുത്തയാഴ്ച്ച എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകുമെന്ന് കിഷോർ ബിയാനി പറഞ്ഞു. ആമസോൺ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചോയെന്നാണ് എൻഫോഴ്സ്മെന്റ് പ്രധാനമായും അന്വേഷിക്കുന്നത്. 2019 ൽ ഫ്യൂചർ ഗ്രൂപ്പിൽ ആമസോൺ വാങ്ങിയത് 1431 കോടി രൂപയ്ക്ക് 49 ശതമാനം ഓഹരികളാണ്. ഇരു കമ്പനികളോടും കരാറുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

