ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ച്ചകളില്ലാത്ത നടപടികളുമായി ഇന്ത്യൻ സൈന്യം; പാക് കൊടും ഭീകരൻ അബു സറാറിനെ വധിച്ചു

ശ്രീനഗർ: ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ച്ചകളില്ലാത്ത നടപടികളുമായി ഇന്ത്യൻ സൈന്യം. പാകിസ്താൻ കൊടും ഭീകരൻ അബു സറാറിനെ ഇന്ത്യൻ സൈന്യം വധിച്ചു. കശ്മീരിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ ഇന്ത്യൻ സൈന്യം വധിച്ചത്. പൂഞ്ചിലെ സുരൻകോട്ട് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. അബു സറാറിന്റെ സാന്നിദ്ധ്യം കശ്മീർ താഴ്‌വരയിലുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഓഗസ്റ്റ് മാസത്തിലാണ് സൈന്യത്തിന് ഈ വിവരം ലഭിച്ചത്. അന്നുമുതൽ അബു സറാറിനായുള്ള അന്വേഷണത്തിലായിരുന്നു ഇന്ത്യൻ സൈന്യം.

കശ്മീരിലെ വനപ്രദേശങ്ങളിൽ ഒളിവിലായിരുന്ന ഇയാളെ കണ്ടെത്താൻ സൈന്യത്തിന് കഴിഞ്ഞിരുന്നില്ല. പ്രദേശവാസികളിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ വധിക്കാൻ കഴിഞ്ഞത്. എ കെ 47 തോക്കുകളും, ഗ്രനേഡുകളും, തിരകളും, ഉൾപ്പെടെയുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇന്ത്യൻ കറൻസിയും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

സൈനികർക്ക് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഭീകരരുടെ നീക്കങ്ങളെല്ലാം സൈന്യം പൊളിച്ചടുക്കുകയായിരുന്നു.