സംസ്ഥാനത്ത് ഭീതിതമായ സാഹചര്യം; ആളുകളുടെ കാൽ വെട്ടി നടുറോഡിൽ എറിയുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ഭീതിതമായ സാഹചര്യമാണെന്ന് ഹൈക്കോടതി. ആളുകളുടെ കാൽ വെട്ടിയെടുക്കുന്നു, അതു നടുറോഡിൽ എറിയുന്നു, എത്ര ഭീതിതമായ സാഹചര്യമാണിതെന്നും എവിടേക്കാണ് നമ്മുടെ പോക്കെന്നും ഹൈക്കോടതി ചോദിക്കുന്നു. കഴിഞ്ഞ ദിവസം പന്ത്രണ്ടു പേർ ചേർന്ന് ഒരാളെ വെട്ടിക്കൊന്ന് കാൽ വെട്ടി നടുറോഡിൽ എറിഞ്ഞതു പരാമർശിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. പട്ടിക വിഭാഗക്കാർക്കു ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഭാഗത്ത് നിന്നും നിർണായക പരാമർശം ഉണ്ടായത്.

ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. അവർ മയക്കുമരുന്നിന് അടിമകളായിരിക്കാം. എവിടേക്കാണ് നമ്മുടെ പോക്കെന്ന് ചിന്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാവർക്കും വീടു നൽകുമെന്ന് സർക്കാർ പറയുന്നുണ്ട്. എന്നാൽ അവരുടെ ഉപജീവനം സർക്കാർ എങ്ങനെ ഉറപ്പാക്കുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള അൻപതു ലക്ഷത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഇവിടത്തുകാർക്കു ജോലിയില്ലാത്ത സ്ഥിതിയുണ്ടെന്നും ഇതാണ് യുവാക്കളെ മയക്കുമരുന്നിലും കുറ്റകൃത്യത്തിലും എത്തിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.