മുഖ്യമന്ത്രിയ്ക്ക് പറക്കാൻ മാസം 80 ലക്ഷം രൂപ വാടകയിൽ ഹെലികോപ്ടർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും അധികാര ധൂർത്തുമായി സർക്കാർ. മുഖ്യമന്ത്രിയ്ക്ക് ഉൾപ്പടെ ഉപയോഗിക്കുന്നതിനായി വീണ്ടും കേരളം ഹെലികോപ്ടർ വാടകയ്ക്കെടുത്തു. കേരള പൊലീസുമായാണ് കരാർ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്‌സൺ ഏവിയേഷനുമായാണ്. കേരളാ പോലീസ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. മാസം എൺപത് ലക്ഷം രൂപയാണ് ഹെലികോപ്ടറിന് വാടകയായി നൽകേണ്ടത്. ഈ തുകയിൽ ഇരുപത് മണിക്കൂറാണ് സഞ്ചരിക്കാനാവുക, അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. ആറ് സീറ്റുള്ള ഹെലികോപ്ടർ മൂന്ന് വർഷത്തേയ്ക്കാണ് വാടകക്കെടുക്കുന്നത്.

ചിപ്‌സൺ ഏവിയേഷനാണ് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷൻ നൽകിയത്. അടുത്ത വർഷം മുഖ്യമന്ത്രിക്കായി ഇരട്ട എഞ്ചിനുള്ള പുതിയ ഹെലികോപ്ടറെത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. 15 വർഷത്തിലേറെ പഴക്കമില്ലാത്ത ഹെലികോപ്ടറാണ് വി.ഐ.പി യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുമ്പോൾ സുരക്ഷയ്ക്കാണ് ഏറ്റവും അധികം പ്രാധാന്യം നൽകുക.

തമിഴ്‌നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്കായി ഹെലികോപ്ടർ സർവീസ് നടത്തുന്നത് ചിപ്‌സൺ ഏവിയേഷനാണ്. വ്യോമ നിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനം, അതിർത്തി പ്രദേശങ്ങളിലും തീരദേശത്തും വിനോദ സഞ്ചാരതീർത്ഥാടന മേഖലകളിലും നിരീക്ഷണം, അടിയന്തര ഘട്ടങ്ങളിലെ പൊലീസിന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്ര തുടങ്ങിയ ആവശ്യങ്ങൾക്കായാണ് പോലീസ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നത്. ഹെലികോപ്ടറിനുള്ള ചെലവ് പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടിൽ നിന്നാണ് ചെലവാക്കുന്നത്.