ആയുഷ് ക്വാഥ് ഗുളിക സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി നൽകണം; സർക്കാരിന് പദ്ധതി സമർപ്പിച്ച് ഔഷധി

തൃശൂർ: കോവിഡ് പ്രതിരോധ മരുന്നായ ആയുഷ് ക്വാഥ് ഗുളിക സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് പദ്ധതി സമർപ്പിച്ച് ഔഷധി. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജാണ് ഇക്കാര്യം അറിയിച്ചത്. പൊടി രൂപത്തിലാണ് നിലവിൽ ആയുഷ് പ്രതിരോധ മരുന്ന് വിപണിയിലെത്തിക്കുന്നത്. ഈ മരുന്നാണ് ഇപ്പോൾ ആയുഷ് ക്വാഥ് ടാബ്ലറ്റ് ആക്കി മാറ്റിയത്. മുതിർന്നവർ രണ്ടു ടാബ്‌ലെറ്റും കുട്ടികൾ ഒരെണ്ണവും കഴിച്ചാൽ പ്രതിരോധശേഷി ഉണ്ടാകുമെന്ന് ശോഭനാ ജോർജ് അറിയിച്ചു. വിപണിയിലുള്ള ടാബ്ലറ്റുകൾക്ക് ഒരെണ്ണത്തിന് 2.75 മുതൽ മൂന്ന് രൂപ വരെ വിലയുള്ളപ്പോൾ ഔഷധിയുടെ ടാബ്ലറ്റിന് 70 പൈസ മാത്രമാണ് വില ഈടാക്കുന്നത്.

സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്യണമെന്നതാണ് ഔഷധി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം സംസ്ഥാനത്ത് വിപുലമായ പ്രവർത്തനങ്ങളാണ് ഔഷധി നടത്തുന്നത്. സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നിർമ്മാണം നടത്താനും ഔഷധി പദ്ധതിയിടുന്നുണ്ട്. ടൂറിസം മേഖലയിലേക്ക് കടക്കാനുള്ള ശ്രമങ്ങളും ഔഷധിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.

കുട്ടനെല്ലൂരിലെ ആധുനിക രീതിയിൽ സജ്ജീകരിച്ച ഫാക്ടറിയിൽ ഡോക്ടർമാരുടെയും മറ്റു വിദഗ്ദ്ധരുടെയും മേൽനോട്ടത്തിൽ അഞ്ഞൂറോളം മരുന്നുകളാണ് ഔഷധി നിർമ്മിക്കുന്നതെന്ന് ശോഭനാ ജോർജ് വിശദമാക്കി. ചെയർപേഴ്സൺ എന്ന നിലയ്ക്ക് തൃശൂരിൽ താമസിച്ചു തന്നെ ഔഷധിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഉത്പാദനത്തിലും വിൽപനയിലും നൂറ് ശതമാനം വർദ്ധന നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശോഭനാ ജോർജ് കൂട്ടിച്ചേർത്തു.