കോംഗോയിൽ നിന്ന് എത്തിയ ഒമിക്രോൺ രോഗിയായ എറണാകുളം സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത്

കൊച്ചി: സ്വയം നീക്ഷണത്തിൽ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തിൽ നിന്നും വന്നയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ ആരും അലംഭാവം കാണിക്കരുതെന്ന അഭ്യർത്ഥനയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര മാർഗനിർദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 7 ദിവസം ക്വാറന്റെയ്‌നും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ഈ പ്രത്യേക സാഹചര്യത്തിൽ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. കഴിഞ്ഞദിവസം ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടപ്പോൾ യുവാവ് നിരീക്ഷണം പാലിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ഡിസംബർ ഏഴ് മുതൽ 11 വരെയുള്ള റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ ഏഴിന് പുലർച്ചെ മൂന്ന് മണിക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഇയാൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാതെ ഇത് ലംഘിച്ചുകൊണ്ട് എറണാകുളം ജില്ലയിലെ കലൂർ, പാലാരിവട്ടം, മരട് പ്രദേശങ്ങളിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ചിരുന്നു. ഒൻപതാം തീയതി സ്വന്തം കാറിൽ പുതിയകാവിലെ ആയുർവേദ ആശുപത്രിയിൽ ആർടിപിസിആർ പരിശോധനയ്ക്കായി പോയി. പത്താം തീയതി ഊബർ ടാക്‌സിയിൽ പാലാരിവട്ടത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തി. പിന്നീട് വൈകിട്ട് അഞ്ചു മണിയോടെ അറേബ്യൻ ഡ്രീംസ് ഹോട്ടലിൽ എത്തി ഭക്ഷണം കഴിക്കുകയും പിന്നീട് ഓട്ടോയിൽ കയറി വീട്ടിലെത്തുകയും ചെയ്തു. അന്നുതന്നെ സഹോദരനോടൊപ്പം ബൈക്കിൽ അബാദ് ന്യൂക്ലിയസ് മാളിലെ മാക്‌സ് സ്റ്റോറിലും ഇയാൾ കയറിയിട്ടുണ്ട്. പതിനൊന്നാം തിയതി വീണ്ടും പാലാരിവട്ടത്തെ ആശുപത്രിയിലെത്തിയെന്നും റൂട്ട് മാപ്പിൽ വിശദമാക്കുന്നുണ്ട്.

ഇത്തരമൊരു സാഹചര്യത്തിലാണ് അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസായതിനാൽ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരും ജാഗ്രത പാലിക്കേണ്ടതാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി രംഗത്തെത്തിയത്. സ്വയം നിരീക്ഷണ വ്യവസ്ഥകൾ കൃത്യമായി പാലിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. എന്താണ് സ്വയം നിരീക്ഷണമെന്നും മന്ത്രി വിശദമാക്കുന്നു.

എന്താണ് സ്വയം നിരീക്ഷണം?

· വീടുകളിലും പുറത്ത് പോകുമ്പോഴും എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ഉപയോഗിക്കേണ്ടതാണ്.

· ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ പ്രായമായവരുമായും മറ്റ് രോഗബാധയുള്ള വ്യക്തികളുമായും കുട്ടികളുമായും ഈ ദിവസങ്ങളിൽ അടുത്ത സമ്പർക്കം പുലർത്തരുത്.

· സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണം.

· ആൾക്കൂട്ടമുള്ള പൊതുപരിപാടികൾ, ചടങ്ങുകൾ, പൊതു ഗതാഗതം എന്നിവ ഒഴിവാക്കണം.

· എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതാണ്.

· കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം.

· ഷേക്ക് ഹാൻഡ് ഒഴിവാക്കുക.

· രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ക്വാറന്റൈനിലാകുകയും ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും വേണം.

സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.