കൽപ്പറ്റ: ആദിവാസി കുട്ടികൾക്ക് നല്ല ഭക്ഷണം നൽകാത്ത ഹോസ്റ്റൽ അധികൃതർക്കും ഉദ്യോഗസ്ഥർക്കും താക്കീതുമായി മന്ത്രി കെ രാധാകൃഷ്ണൻ. കുട്ടികൾക്ക് പച്ചരിച്ചോറാണ് നൽകുന്നതെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ നടപടി. ആദിവാസികുട്ടികൾക്കായുള്ള നൂൽപ്പുഴ രാജീവ് ഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ സന്ദർശനം നടത്തവെയാണ് മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചത്.
സന്ദർശന വേളയിൽ കുട്ടികളോട് സംസാരിക്കവെ മന്ത്രി ഭക്ഷണകാര്യങ്ങളെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴാണ് തങ്ങൾക്ക് പച്ചരി ചോറാണ് നൽകുന്നതെന്ന വിവരം കുട്ടികൾ വെളിപ്പെടുത്തിയത്. ഉടൻ മന്ത്രി ഇക്കാര്യം ഉദ്യോഗസ്ഥരോട് ചോദിക്കുകയും ഇനി മുതൽ ഇത് ആവർത്തിക്കരുത് എന്ന് നിർദ്ദേശിക്കുകയും ചെയ്തു. വിളച്ചിലെടുത്താൽ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പല കുട്ടികൾക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും മന്ത്രി കണ്ടെത്തി. ഇത്തരത്തിൽ ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടികളെ ആദ്ദേഹം ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. പല കുട്ടികൾക്കും പോഷാകാഹാരക്കുറവുണ്ട്. നൂൽപ്പുഴ രാജീവ് ഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ വേണ്ടിയാണ് മന്ത്രിയെത്തിയത്. ഒരു മണിക്കൂറോളം നേരം അദ്ദേഹം കുട്ടികൾക്കൊപ്പം സ്‌കൂളിൽ ചെലവഴിച്ചു. കുട്ടികൾക്കൊപ്പം മന്ത്രി ഉച്ചഭക്ഷണവും കഴിച്ചു.

