കൊല്ലം: കെഎസ്ആർടിസി ശമ്പള വിതരണം മുടങ്ങുന്നതിൽ ഇടപെടുന്നതിന് സർക്കാരിന് പരിമിതികൾ ഉണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കെഎസ്ആർടിസി നഷ്ടത്തിൽ ആയതിന് ജീവനക്കാർക്കും പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയും കുടുംബശ്രീ മിഷനും ചേർന്നു ആരംഭിക്കുന്ന ‘ഫുഡ്സ് ഓൺ വീൽ’ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ഗാരേജ് വളപ്പിൽ ആരംഭിച്ച ‘പിങ്ക് കഫേ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഡിസംബറിൽ സർക്കാർ കെഎസ്ആർടിസിക്ക് 30 കോടി രൂപ നൽകിയെന്നും ധനമന്ത്രി അറിയിച്ചു. പിങ്ക് കഫെ ഉദ്ഘാടന വേദിയ്ക്ക് സമീപം കെഎസ്ആർടിസി ജീവനക്കാർ ഭിക്ഷയാചിച്ച് പ്രതിഷേധം നടത്തിയിരുന്നു. കെഎസ്ആർടിസിയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന ജീവനക്കാരെ പട്ടിണിക്കിട്ടു കെഎസ്ആർടിസി വസ്തുവകകൾ തീറെഴുതുന്നതിനും ശമ്പള വിതരണം മുടങ്ങുന്നതിലും പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.

