ആലപ്പുഴ: ആലപ്പുഴയിൽ സർവകക്ഷി യോഗം നാളത്തേക്ക് മാറ്റി. ബിജെപി യോഗം ബഹിഷ്കരിച്ച പശ്ചാത്തലത്തിലാണ് യോഗം മാറ്റിവെച്ചത്. ബിജെപി പ്രവർത്തകന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ചാണ് ബിജെപി യോഗം ബഹിഷ്കരിച്ചത്. സമയം പിന്നീട് അറിയിക്കുമെന്ന് മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുമാണ് യോഗത്തിൽ പങ്കുചേരുക.
ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികളും ആക്രമണ സംഭവങ്ങൾ പൂർണമായി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടികളെ കുറിച്ചും സർവ്വകക്ഷി യോഗത്തിൽ ചർച്ച നടത്തും. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴയിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.
അതേസമയം ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിന്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

