കൊച്ചി: രാഷ്ട്രപതി രാംനാഥ് ചൊവ്വാഴ്ച്ച കേരളത്തിലെത്തും. നാലുദിവസത്തെ കേരള സന്ദർശനത്തിന് വേണ്ടിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കാസർകോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഡിസംബർ 21 ന് കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുന്നത്.
കാസർകോട് ജില്ലയിലെ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം വൈകിട്ട് 6.35 ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തും. ഡിസംബർ 22 ന് രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡിൽ നാവിക സേനയുടെ ഓപ്പറേഷനൽ ഡെമോൻസ്‌ട്രേഷൻ അദ്ദേഹം നിരീക്ഷിച്ചു. 11.30 ന് അദ്ദേഹം വിക്രാന്ത് സെൽ സന്ദർശിക്കും. 23 ന് രാവിലെ 10.20 ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. അവിടെ വിവിധ പരിപാടികൾക്കുശേഷം 24 ന് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി പോകും.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 21 ന് രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ദേശീയപാതയിലെ മീങ്ങോത്ത് മുതൽ ചട്ടഞ്ചാൽ വരെയും സംസ്ഥാന പാതയിലെ പള്ളിക്കര മുതൽ കളനാട് വരെയും ചട്ടഞ്ചാൽ മുതൽ മാങ്ങാട് വഴി കളനാട് വരെയുള്ള ക്രോസ് റോഡിലുമാണ് ഗതാഗത നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു. ബസ്, മറ്റ് ചെറു വാഹനങ്ങൾ എന്നിവ നിയന്ത്രണവിധേയമായി കടത്തി വിടുന്നതാണ്. അമിത ഭാരവുമായി വരുന്ന വലിയ വാഹനങ്ങൾ കടത്തി വിടില്ല.

