അച്ഛനും മകൾക്കും നേരെ നടന്ന ഗുണ്ടാ ആക്രമണം; പോലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണമെന്ന് ജി ആർ അനിൽ

തിരുവനന്തപുരം: പോത്തൻകോട് അച്ഛനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം നടന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജി ആർ അനിൽ. സംഭവം നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തിൽ ഗൗരവമായ പോലീസ് ഇടപെടലിന് അപ്പോൾ തന്നെ നിർദേശം നൽകിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം. പോലീസിന് മേൽ രാഷ്ട്രീയ നിയന്ത്രണത്തിനും മേൽനോട്ടത്തിനും കുറവില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച് പൊലീസിന് വീഴ്ച ഉണ്ടായെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും ഇത്തരം ആക്ഷേപങ്ങൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പതിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ, പിന്നീട് എന്തെന്ന് അപ്പോൾ പറയാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതേസമയം കേസിൽ പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോത്തൻകോട് നടുറോഡിൽ വെച്ചാണ് അച്ഛനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം ഉണ്ടായത്.

അച്ഛനും മകളും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി നാലംഗ ഗുണ്ടാസംഘം ആക്രമണം നടത്തുകയായിരുന്നു. കാറിൽ പ്രധാനറോഡിലൂടെ വരികയായിരുന്നു അച്ഛനും മകളും. ഇതിനിടെ വാഹനം തിരിക്കാൻ ശ്രമിക്കുകയായിരുന്ന ഗുണ്ടാസംഘം ഇവരോട് കാർ പിന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രധാനറോഡിൽ നിരവധി വാഹനങ്ങളുണ്ടായതിനാൽ കാർ പിന്നോട്ടെടുക്കാൻ കഴിഞ്ഞില്ല. ഇതാണ് ഗുണ്ടാസംഘത്തെ പ്രകോപിപ്പിച്ചത്. തുടർന്ന് ഗുണ്ടകൾ കാറിൽ നിന്നിറങ്ങി ഇവരെ ആക്രമിക്കുകയായിരുന്നു. അച്ഛനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മകൾക്ക് നേരെ ആക്രമണം ഉണ്ടായത്.

ഗുണ്ടാസംഘത്തിനെതിരെ ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മകളെ കടന്നു പിടിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. പള്ളിപ്പുറം സ്വർണക്കവർച്ച കേസിലെ പ്രതി ഫൈസൽ അടക്കമുള്ളവരാണ് ഗുണ്ടാസംഘത്തിലുണ്ടായിരുന്നതെന്നാണ് സൂചന.