കോട്ടയം: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭ. പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസിൽ നിന്നും 21 വയസാക്കി ഉയർത്തുന്നതിൽ ഓർത്തഡോക്‌സ് സഭയ്ക്ക് യാതൊരുവിധ എതിർപ്പുമില്ലെന്ന് സഭാ പരമാദ്ധ്യക്ഷൻ മാത്യൂസ് ത്രിതീയൻ കതോലിക്ക ബാവ വ്യക്തമാക്കി.
21 വയസാണ് പുരുഷന്മാരുടെ വിവാഹ പ്രായം. അതിനാൽ പെൺകുട്ടികൾക്കും 21 ആക്കി ഏകീകരിക്കുന്നതിൽ സഭയ്ക്ക് എതിർപ്പില്ലെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയിലും യൂറോപ്പിലുമുള്ള സഭയിൽ കുട്ടികൾ 40 വയസ്സായാലും വിവാഹത്തിന് തയ്യാറാകുന്നില്ലെന്നാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം സഭാ തർക്കവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ സമന്വയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തർക്കം നിലനിൽക്കുന്നിടത്ത് കോടതി വിധി നടപ്പിലാക്കാൻ പോലീസ് സഹായിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

