രാംനാഥ് കോവിന്ദിന്റെ തിരുവനന്തപുരം സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച്ച; മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റാൻ ശ്രമം

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തിരുവനന്തപുരം സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച്ച. തിരുവനന്തപുരം മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റാൻ ശ്രമം നടന്നു. സംഭവം കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ വാഹനം വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്ക് വരവെയാണ് മേയർ ആര്യ രാജേന്ദ്രന്റെ കാർ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കടന്നു കയറിയത്.

തുമ്പ സെന്റ് സേവ്യേർസ് മുതൽ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി സഞ്ചരിച്ചിരുന്നു. ജനറൽ ആശുപത്രിയുടെ ഭാഗത്തെത്തിയപ്പോൾ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന്റെ ഉള്ളിലേക്ക് കയറ്റി. പതിനാല് വാഹനങ്ങളായിരുന്നു രാഷ്ട്രപതിയ്ക്ക് അകമ്പടി സേവിക്കാനിരിക്കുന്നത്.

മേയറിന്റെ വാഹനം എട്ടാമത്തെ വാഹനത്തിന്റെ പുറകിലായതോടെ വാഹനങ്ങൾക്ക് പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ടി വന്നു. തലനാരിഴയക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പ്രോട്ടോക്കോൾ പ്രകാരം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് ഉള്ളിലേക്ക് മറ്റൊരു വാഹനത്തിന് കയറാനുള്ള അനുവാദമില്ല. എന്നാൽ പ്രോട്ടോകോൾ ലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നാണ് ആര്യാ രാജേന്ദ്രൻ അറിയിച്ചത്.