പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്തുവിടണം; കെ റെയിലിന് പിന്തുണ നൽകാൻ ഉപാധി മുന്നോട്ടുവെച്ച് സിപിഐ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതി കെ റെയിലിന് പിന്തുണ നൽകാൻ ഉപാധി മുന്നോട്ടുവെച്ച് സിപിഐ. പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്തുവിടണമെന്ന് ആവശ്യപ്പെടാനാണ് സിപിഐയുടെ തീരുമാനം. ഇക്കാര്യം ഉഭയകക്ഷി ചർച്ചയിൽ സിപിഎമ്മിനെ അറിയിക്കുമെന്നും സിപിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കഴിഞ്ഞയാഴ്ച ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ കെ.റെയിലിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മുൻമന്ത്രി വി.എസ് സുനിൽകുമാർ ഉൾപ്പടെയുള്ള ആളുകൾ പദ്ധതിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് പദ്ധതിയെ പിന്തുണയ്ക്കാനായി ഉപാധിവെയ്ക്കാൻ സിപിഐ തീരുമാനിച്ചത്. അതേസമയം നേരത്തെ സി.പി.എം അനുകൂല സംഘടനയായിരുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഡി.പി.ആർ പുറത്തുവിടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കെ റെയിലിന്റെ ഡിപിആർ പുറത്തുവിടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഡി.പി.ആർ ഒരു രഹസ്യ രേഖയാണെന്നും ഇത് പൊതുമണ്ഡലത്തിൽ വരുന്നത് പദ്ധതിയുടെ സുരക്ഷയെ ബാധിക്കുമെന്നുമാണ് കെ.റെയിൽ എം.ഡി ഉൾപ്പടെയുള്ളവരുടെ വിശദീകരണം.